ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച കാർട്ടൂൺ പ്രസിദ്ധീകരിച്ച് നോർവീജിയൻ ദിനപത്രം വിവാദത്തിൽ. മോദിയുടെ നോർവേ സന്ദർശനത്തിനിടെ പ്രമുഖ ദിനപത്രമായ ‘ആഫ്റ്റൻപോസ്റ്റൻ’ പ്രസിദ്ധീകരിച്ച കാർട്ടൂണാണ് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചത്.
മോദി ഓസ്ലോയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഉയരുന്നതിനിടെയായിരുന്നു ഈ നീക്കം. കാർട്ടൂണിൽ മോദിയെ പാമ്പാട്ടിയുടെ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നതും, പാമ്പിന് പകരം ഇന്ധനം നിറയ്ക്കുന്ന പൈപ്പിന്റെ ദൃശ്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമായി.
ഇന്ത്യ നോർവേയിലേക്കുള്ള സമീപനം പ്രധാനമായും ഇന്ധന താൽപര്യങ്ങളോടെയാണെന്ന സൂചനയാണ് കാർട്ടൂണിലൂടെ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തോടൊപ്പം മോദിയെ “ബുദ്ധിമാനായെങ്കിലും അല്പം അസ്വസ്ഥത സൃഷ്ടിക്കുന്ന വ്യക്തി” എന്ന രീതിയിൽ വിശേഷിപ്പിച്ച വാചകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാർട്ടൂൺ വംശീയ അധിക്ഷേപപരവും ഇന്ത്യയെ അപമാനിക്കുന്നതുമാണെന്ന് ആരോപിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചതെന്ന വാദവും ഉയരുന്നുണ്ട്.

