Home Keralaകേരളത്തിന് ഇരട്ട നേട്ടം: രാജ്യത്തെ മികച്ച പാസ്‌പോർട്ട് ഓഫീസ് കൊച്ചിക്ക്; കേരള പോലീസിനും ദേശീയ അംഗീകാരം

കേരളത്തിന് ഇരട്ട നേട്ടം: രാജ്യത്തെ മികച്ച പാസ്‌പോർട്ട് ഓഫീസ് കൊച്ചിക്ക്; കേരള പോലീസിനും ദേശീയ അംഗീകാരം

by news_desk1
0 comments

കൊച്ചി: വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പാസ്‌പോർട്ട് സേവാ പുരസ്‌കാരത്തിൽ 2025–26 വർഷത്തെ ഇന്ത്യയിലെ മികച്ച റീജിയണൽ പാസ്‌പോർട്ട് ഓഫീസായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു. 2026 ജൂൺ 19-ന് ന്യൂഡൽഹിയിൽ നടന്ന പാസ്‌പോർട്ട് സേവാ ദിവസ് ആഘോഷങ്ങളിലും റീജിയണൽ പാസ്‌പോർട്ട് ഓഫീസർമാരുടെ സമ്മേളനത്തിലും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പുരസ്‌കാരം സമ്മാനിച്ചു.

അപ്പോയിന്റ്മെന്റ് ലഭ്യത, അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിനെടുക്കുന്ന സമയം, പരാതി പരിഹാരം, പാസ്‌പോർട്ട് വിതരണം, ജീവനക്കാരുടെ ഉൽപ്പാദനക്ഷമത, പെൻഡൻസി മാനേജ്മെന്റ്, പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ നിന്നുള്ള ഫയൽ വർധനവ് കുറയ്ക്കൽ തുടങ്ങിയ പ്രധാന പ്രകടന മാനദണ്ഡങ്ങളിൽ മികച്ച നേട്ടം കൈവരിച്ചാണ് കൊച്ചി ഈ അംഗീകാരം നേടിയത്.

2013-14ൽ പാസ്‌പോർട്ട് സേവാ പുരസ്‌കാരം ആരംഭിച്ചതിനുശേഷം ഇന്ത്യയിലെ മികച്ച പാസ്‌പോർട്ട് ഓഫീസായി കൊച്ചി തിരഞ്ഞെടുക്കപ്പെടുന്നത് ഇത് ഒമ്പതാം തവണയാണ്.

കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ നേട്ടത്തിന് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിനൊപ്പം, പൊലീസ് വെരിഫിക്കേഷൻ വേഗത്തിലാക്കുന്നതിൽ കേരള പോലീസും പാസ്‌പോർട്ടുകളുടെ സമയബന്ധിത വിതരണം ഉറപ്പാക്കുന്നതിൽ തപാൽ വകുപ്പും നൽകിയ പിന്തുണ നിർണായകമായി.

അതേസമയം, 2025–26 കാലയളവിലെ പാസ്‌പോർട്ട് പരിശോധനാ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസുകൾക്കുള്ള സ്ഥാപന പ്രകടന പുരസ്‌കാരവും കേരള പോലീസിന് ലഭിച്ചു. കേരള പോലീസ് മേധാവി റവാദ എ. ചന്ദ്രശേഖർ പുരസ്‌കാരം ഏറ്റുവാങ്ങി.

വ്യക്തിഗത വിഭാഗങ്ങളിലും കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ് മികവ് തെളിയിച്ചു. സുജാനി കെ. മികച്ച വെരിഫിക്കേഷൻ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, തൃശ്ശൂർ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലെ കസ്റ്റമർ സർവീസ് മാനേജർ കെ. ദിലീപ് മികച്ച കസ്റ്റമർ സർവീസ് മാനേജർക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

പൗരന്മാർക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ അംഗീകാരമായാണ് ഈ പുരസ്‌കാര നേട്ടങ്ങളെ വിലയിരുത്തുന്നത്.

You may also like