Home Nationalനീറ്റ് പുനപരീക്ഷയ്ക്ക് കൗണ്ട്ഡൗൺ; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ, മറ്റന്നാൾ പരീക്ഷ

നീറ്റ് പുനപരീക്ഷയ്ക്ക് കൗണ്ട്ഡൗൺ; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ, മറ്റന്നാൾ പരീക്ഷ

by news_desk1
0 comments

ദില്ലി: ജൂൺ 21ന് നടക്കുന്ന നീറ്റ് യുജി പുനപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ സംഘടിപ്പിക്കും. പരീക്ഷാ നടത്തിപ്പ് പിഴവുകളില്ലാതെ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിശീലന നടപടികൾ.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മോക്ക് ഡ്രിൽ വൈകുന്നേരം വരെ തുടരും. രാജ്യത്തുടനീളം രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ ഇതിന്റെ ഭാഗമായി വിന്യസിക്കപ്പെടും.

മെയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ജൂൺ 21ന് പുനപരീക്ഷ നടത്തുന്നത്. രാജ്യത്തെ 5000ത്തിലധികം പരീക്ഷാകേന്ദ്രങ്ങളിലെയും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലെയും ഉൾപ്പെടെ ഏകദേശം 23 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക.

പരീക്ഷയ്ക്ക് മുന്നോടിയായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള അറിയിപ്പുകൾ എസ്‌എം‌എസ്, ഇമെയിൽ, വാട്സ്ആപ്പ് സന്ദേശങ്ങൾ എന്നിവ വഴി എൻടിഎ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

‘NICPEP’, ‘no-reply.neet.nta@nic.in‘ എന്നീ ഔദ്യോഗിക ഐഡികളിൽ നിന്നുമാത്രമേ അറിയിപ്പുകൾ ലഭിക്കുകയുള്ളൂവെന്നും എൻടിഎ വ്യക്തമാക്കി. ജൂൺ 21ലെ പരീക്ഷയ്ക്കായി ഇതിനകം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ഉദ്യോഗാർത്ഥികൾ അത് വീണ്ടും ഡൗൺലോഡ് ചെയ്യേണ്ടതില്ല. അതേസമയം, മെയ് 3ലെ പരീക്ഷയ്ക്കായി ഉപയോഗിച്ച അഡ്മിറ്റ് കാർഡുകൾ അസാധുവാണെന്നും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, നീറ്റ് യുജി പുനപരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ എൻടിഎ തള്ളി. ഇത് വ്യാജ പ്രചാരണമാണെന്നും ചോദ്യപ്പേപ്പറുകൾ പൂർണ സുരക്ഷയിലാണെന്നും എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് വ്യക്തമാക്കി.

പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലും ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചോദ്യപ്പേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്കാണെന്നും അദ്ദേഹം അറിയിച്ചു. ഓരോ പരീക്ഷാകേന്ദ്രങ്ങളിലും ത്രിതല സുരക്ഷാ ക്രമീകരണങ്ങളും സിസിടിവി നിരീക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും എൻടിഎ വ്യക്തമാക്കി.

You may also like