തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസ് രജിസ്റ്റർ ചെയ്തു. വിശദമായ പരിശോധനകൾക്ക് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. പി.എസ്.സി ഉദ്യോഗസ്ഥരെയാണ് പ്രതികളാക്കിയിട്ടുള്ളത്. എന്നാൽ എഫ്.ഐ.ആറിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല.
ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാല് തവണ പി.എസ്.സി ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പി.എസ്.സിക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ എസ്ഐടി കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള, ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള നിയമനപരീക്ഷയിൽ 54 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ എന്തുകൊണ്ട് മൂല്യനിർണയം ചെയ്തില്ലെന്നതാണ് അന്വേഷണത്തിലെ പ്രധാന വിഷയം. പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് കെ. ശ്യാംകൃഷ്ണൻ എന്ന ഉദ്യോഗാർഥി നൽകിയ പരാതിയാണ് അന്വേഷണത്തിന് വഴിതെളിച്ചത്.
വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചത്. ഐജി അജിതാ ബീഗത്തിന് പുറമെ എസ്.പി. സക്കറിയ മാത്യു, ഡിവൈ.എസ്.പി. ജി. അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

