Home Editorialസുധാകരൻമാർ ജനങ്ങളെ വെല്ലുവിളിക്കുന്നോ?

സുധാകരൻമാർ ജനങ്ങളെ വെല്ലുവിളിക്കുന്നോ?

by news_desk1
0 comments

കേരള രാഷ്ട്രീയത്തിന്റെ ചരിത്രം തന്നെ നിർണയിക്കാൻ കഴിയുന്ന പ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. അതിനിടയിൽ പലവന്മരങ്ങളും ആടിയുലയുന്നുണ്ട് ശക്തി തെളിയിക്കാൻ ശ്രമിക്കുന്നുണ്ട്. സി.പി.എമ്മിൽ നിന്ന് ജി. സുധാകരൻ ആണെങ്കിൽ കോൺഗ്രസിൽ നിന്ന് കെ. സുധാകരൻ. രണ്ടു സുധാകരന്മാർ സംസ്ഥാന രാഷ്ട്രീയത്തിന്റെ തലവരമാറ്റി എഴുതുമോ എന്നറിയാൻ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. മറവികൾക്കെതിരെയുള്ള ഓർമ്മയുടെ സമരമാണ് രാഷ്ട്രീയമെന്ന് പറയാറുണ്ട്. ഇവിടെ ഇവർ രണ്ടുപേരും തുടങ്ങിവയ്ക്കുന്നത് ഓർമ്മയുടെ ഇടകളിൽ നിന്നുള്ള ഓർമ്മപ്പെടുത്തലുകൾ എല്ലാം അധികാരത്തോടുള്ള ഇപ്പോഴും വറ്റിയിട്ടില്ലാത്ത താല്പര്യമാണ്.

2021 നിയമസഭാ തിരഞ്ഞെടുപ്പ് വേദിയിലും സ്ഥാനാർത്ഥിനിടയുമായി ബന്ധപ്പെട്ട കെ. സുധാകരൻ പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നതാണ്. അന്നത്തെ കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി അധ്യക്ഷപദവിയിലേക്ക് എത്തിയിട്ടും സാഹചര്യങ്ങൾ മാറ്റിമറിക്കാൻ പാർട്ടിയെ കയ്യിൽ ഒതുക്കാൻ സുധാകരനു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെയാണ് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടും പാർട്ടിയിലെ തന്നെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും പ്രസിഡണ്ട് പദം സുധാകരന് വിട്ടൊഴിയേണ്ടി വന്നത്. കാക്കത്തൊള്ളായിരം ഗ്രൂപ്പുകൾ ഉള്ള ആൾക്കൂട്ട സംവിധാനത്തെ കേഡർ പാർട്ടിയാക്കാൻ ആയിരുന്നു കെ.പി.സി.സി പ്രസിഡണ്ട് എന്ന നിലയിൽ സുധാകരന്റെ തീരുമാനം. എന്നാൽ പാതിവഴിയിൽ തന്നെ അത് ഒടിഞ്ഞുപോയ കമ്പ് ആയി അവശേഷിച്ചു. അവിടെനിന്നുതന്നെ സുധാകരൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു എന്ന് വ്യക്തമാണ്.

ആ തീരുമാനങ്ങളുടെ പലകയിൽ ഇരുന്നുകൊണ്ടാണ് ഇന്നലെ ഡൽഹി സ്ഥാനാർഥി ചർച്ചകളുടെ അന്തരീക്ഷത്തിൽ നിന്ന് കണ്ണൂരിലെ വസതിയിലേക്ക് സുധാകരൻ മടങ്ങിയത്. പോകാനുള്ളതുകൊണ്ട് പോയി അതിൽ പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് പറയുമ്പോളും എ.ഐ.സി.സി, കെ.പി.സി.സി നേതൃത്വങ്ങൾ സുധാകര വിഷയത്തിൽ സമ്മർദ്ദത്തിൽ ആണെന്ന് വ്യക്തം. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേക്ക് എത്താനുള്ള സാധ്യതകൾ ഉണ്ടെന്ന് അല്പം വിശ്വാസത്തിൽ തുടങ്ങിയ ചർച്ചകൾ സർവ്വത്ര കല്ലുകടിയിലാണ് നിലനിൽക്കുന്നത്.

അനാവശ്യമായ സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടു കൊണ്ട് മനപ്പൂർവം ചില നേതാക്കൾ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്. സുധാകര വിഷയം അവസാനിക്കുന്നതോടുകൂടി ചിലപ്പോൾ അത് പുറത്തേക്ക് വന്നേക്കാം. ജി. സുധാകരനുമായി യാതൊരുവിധ അനുനയത്തിനും തയ്യാറല്ലെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ അസന്നിഗ്ദ്ധമായി തന്നെ ഇന്നലെ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിത്വം സുധാകരന് സമ്മാനിക്കുന്നത് രാഷ്ട്രീയ വനവാസവും പട്ടാഭിഷേകമോ എന്ന് കണ്ടുതന്നെ അറിയണം. എന്തുതന്നെയാണെങ്കിലും ജനം ചില തീരുമാനങ്ങൾ എടുക്കാൻ തയ്യാറായി കഴിഞ്ഞു. ഓരോ ദിവസത്തെയും സാമൂഹിക സാഹചര്യങ്ങൾ അനുദിനം പ്രതികൂലമായി മാറിയിരിക്കുമ്പോൾ അവർക്ക് പ്രതീക്ഷിക്കാൻ ആരുമില്ലാത്ത ദയനീയ സ്ഥിതിയിലേക്ക് ചെന്നെത്തുകയാണ്.

കഴിഞ്ഞ കുറേക്കാലമായി തെരഞ്ഞെടുപ്പുകളിൽ കുറഞ്ഞുവരുന്ന വോട്ടിംഗ് ശതമാനം ജനത്തിന്റെ പ്രതിഷേധങ്ങളുടെ കൂടി സൂചനയായി വേണം കരുതാൻ. ആരാണെങ്കിലും എന്താണെങ്കിലും ജയിക്കേണ്ടതും വളരേണ്ടതും ജനാധിപത്യവും ജനങ്ങളുമാണ്. അതുകൊണ്ടുതന്നെ അധികാര വടംവലിക്കിടയിൽ അവരെ മറക്കരുത്. ജനത്തെ അവഗണിച്ചവർക്ക് കനത്ത മറുപടി തന്നെ എല്ലാ ഘട്ടത്തിലും അവർ നൽകിയിട്ടുണ്ട്. അതിനാൽ സുധാകരൻമാർ സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കാൾ വലുതാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എന്ന ബോധ്യത്തിലേക്ക് മുന്നണികളും അവരെ നയിക്കുന്നവരും എത്തിച്ചേരണം.

You may also like