Home Localവനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവ് കുറ്റക്കാരൻ

വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവ് കുറ്റക്കാരൻ

by news_desk1
0 comments

കണ്ണൂർ  :  കണ്ണൂരിലെ തലശ്ശേരി വനിതാ സിവിൽ പൊലീസ് ഓഫീസറായ പി. ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വെള്ളിയാഴ്ച ശിക്ഷ വിധിക്കും.

ദിവ്യശ്രീയെ കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച അച്ഛൻ കെ. വാസുവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. കൊലപാതകം, കൊലപാതകശ്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

2024 നവംബർ 21-ന് വൈകിട്ട് 5.30-ഓടെയാണ് സംഭവം നടന്നത്. കൊലപാതക ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. വിചാരണയ്ക്കിടെ ദിവ്യശ്രീയുടെ നിലവിളി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.

പ്രതി വീട്ടിൽ കയറി ഗ്രിൽ വെട്ടി അകത്ത് പ്രവേശിച്ച്, വരാന്തയിൽ പെട്രോൾ ഒഴിച്ചതിന് ശേഷം ദിവ്യശ്രീയെ പലതവണ കൊടുവാളുകൊണ്ട് ആക്രമിച്ചതായി മൊഴികളിൽ പറയുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ പിന്തുടർന്ന് ഗേറ്റിന് സമീപവും ആക്രമിച്ചു. ഇടപെടാൻ ശ്രമിച്ച അച്ഛൻ വാസുവിനെയും പ്രതി വെട്ടിയതായി തെളിഞ്ഞു.

സംഭവത്തിന് ശേഷം പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിന്നീട് വിവിധ വാഹനങ്ങളിൽ സഞ്ചരിച്ച് പെരുമ്പയിൽ എത്തി. ആക്രമണത്തിന് ഉപയോഗിച്ച കൊടുവാൾ പുഴയിൽ ഉപേക്ഷിക്കുകയും എ.ടി.എം.യിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തു. തുടർന്ന് ബാറിൽ മദ്യപിക്കുന്നതിനിടെ രാത്രി 8.20-ഓടെ പൊലീസ് പ്രതിയെ പിടികൂടി. പിന്നീട് കൊടുവാൾ പുഴയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

You may also like