Home Businessപെര്‍നോഡ് റിക്കാര്‍ഡ് ഐപിഒയ്ക്ക് ഒരുങ്ങുന്നു; ഇന്ത്യയില്‍ 100 കോടി ഡോളര്‍ സമാഹരണ ലക്ഷ്യം

പെര്‍നോഡ് റിക്കാര്‍ഡ് ഐപിഒയ്ക്ക് ഒരുങ്ങുന്നു; ഇന്ത്യയില്‍ 100 കോടി ഡോളര്‍ സമാഹരണ ലക്ഷ്യം

by news_desk1
0 comments

മുംബൈ: പ്രമുഖ മദ്യ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി പെര്‍നോഡ് റിക്കാര്‍ഡ് തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള (ഐപിഒ) നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഷിവാസ് റീഗല്‍, അബ്‌സല്യൂട്ട് വോഡ്ക പോലുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളായ കമ്പനി, ഐപിഒ വഴി 100 കോടി ഡോളറില്‍ കൂടുതല്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇത് യാഥാര്‍ഥ്യമാകുന്നുവെങ്കില്‍, ഇന്ത്യയിലെ മദ്യ വ്യവസായ മേഖലയിലെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായി മാറും. ഇതിനായി ഗോള്‍ഡ്മാന്‍ സാക്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റിഗ്രൂപ്പ് എന്നീ പ്രമുഖ നിക്ഷേപ ബാങ്കുകളുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയ്ക്ക് ശേഷം പെര്‍നോഡ് റിക്കാര്‍ഡിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. രാജ്യത്ത് പ്രീമിയം മദ്യ ഉല്‍പന്നങ്ങളോടുള്ള ആവശ്യം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനി ഈ നീക്കം നടത്തുന്നത്.

ഐപിഒ വഴി ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതോടെ യുണൈറ്റഡ് സ്പിരിറ്റ്‌സ്, റാഡിക്കോ ഖൈത്താന്‍ പോലുള്ള കമ്പനികളുമായി നേരിട്ടുള്ള മത്സരം ശക്തമാകാന്‍ സാധ്യതയുണ്ട്.

ഇന്ത്യയില്‍ ചില നികുതി-നിയന്ത്രണ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, അവ ഐപിഒ പദ്ധതിയെ ബാധിക്കില്ലെന്നാണ് സൂചന. എന്നാല്‍ വിഷയത്തില്‍ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പെര്‍നോഡ് റിക്കാര്‍ഡിന് ഇന്ത്യയില്‍ 24 നിര്‍മാണ യൂണിറ്റുകളുണ്ട്. 1500ലേറെ ജീവനക്കാരാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത്. റോയല്‍ സ്റ്റാഗ്, ബ്ലെന്‍ഡേഴ്‌സ് പ്രൈഡ്, 100 പിപേഴ്‌സ്, ഗ്ലെന്‍ലിവെറ്റ്, റോയല്‍ സല്യൂട്ട്, ജെയിംസണ്‍ ഐറിഷ് വിസ്‌കി തുടങ്ങിയ നിരവധി പ്രമുഖ ബ്രാന്‍ഡുകള്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്.

You may also like