Home Internationalതെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; മാധ്യമപ്രവർത്തക അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; മാധ്യമപ്രവർത്തക അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു

by news_desk1
0 comments

ടെൽ അവീവ്: തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തക അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ള പ്രവർത്തകർ സഞ്ചരിച്ചിരുന്നുവെന്ന് സംശയിക്കുന്ന രണ്ട് വാഹനങ്ങളെയാണ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

ആദ്യാക്രമണത്തിൽ ഒരു വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തുടർന്ന് നടന്ന വ്യോമാക്രമണത്തിൽ പ്രാദേശിക മാധ്യമമായ ‘അൽ അഖ്ബർ’യിലെ മാധ്യമപ്രവർത്തക അമൽ ഖബീൽ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാധ്യമപ്രവർത്തകയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ലെബനൻ ഇൻഫർമേഷൻ മന്ത്രി പോൾ മോർകോസ് അപലപിച്ചു.

അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ച് ഹിസ്ബുള്ള സേന ഇസ്രയേൽ സൈനികരെ ലക്ഷ്യമിട്ട് മുന്നേറ്റം നടത്തിയതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വാദം.

ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ, അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാട് ഇറാൻ ആവർത്തിച്ചു. അമേരിക്ക വെടിനിർത്തൽ ലംഘനം തുടരുകയാണെന്നും ഇറാൻ ആരോപിച്ചു.

പ്രതിസന്ധിക്കിടയിൽ അമേരിക്കൻ നാവികസേനയിൽ നേതൃമാറ്റവും നടന്നിട്ടുണ്ട്. സെക്രട്ടറി ജോൺ ഫെലനെ മാറ്റി, അണ്ടർ സെക്രട്ടറി ഹംഗ് കാവോയെ താൽക്കാലിക ചുമതലയിൽ നിയമിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

You may also like