Home Nationalബംഗാളില്‍ ബിജെപി ചരിത്രം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി

ബംഗാളില്‍ ബിജെപി ചരിത്രം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി

by news_desk1
0 comments

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് ചരിത്രവിജയം സമ്മാനിച്ച് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരി കാവിക്കുപ്പായം അണിഞ്ഞെത്തിയതും ചടങ്ങിലെ ശ്രദ്ധേയ രംഗമായി. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വിവിധ കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബിജെപി ദേശീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

293 അംഗ നിയമസഭയില്‍ 207 സീറ്റുകള്‍ നേടി ബിജെപി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയായിരുന്നു. പശ്ചിമബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായാണ് സുവേന്ദു അധികാരി ചരിത്രത്തില്‍ ഇടം നേടിയത്. നിയമസഭാകക്ഷി യോഗത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് സുവേന്ദുവിന്റെ പേര് നിര്‍ദേശിക്കുകയും തുടര്‍ന്ന് അമിത് ഷാ അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച ബിജെപി രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് സാധ്യതയെന്ന സൂചനകളും പുറത്തുവന്നു.

1995ല്‍ കോണ്‍ഗ്രസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടായിരുന്നു സുവേന്ദു അധികാരിയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം മമത ബാനര്‍ജിയുടെ വിശ്വസ്തനായ നേതാക്കളിലൊരാളായി വളര്‍ന്നു. എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകളെ തുടര്‍ന്ന് 2020ല്‍ ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചതോടെയാണ് സുവേന്ദു പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയതോടെയാണ് സുവേന്ദു അധികാരി ദേശീയ ശ്രദ്ധ നേടിയത്. ആ മത്സരം അന്നത്തെ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക പോരാട്ടമായി മാറുകയും ബംഗാളിലെ ബിജെപിയുടെ മുഖമായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന നേതാവായി സുവേന്ദു മാറുകയായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് ഫലത്തെതിരെ മമത ബാനര്‍ജി രംഗത്തെത്തി. വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും ജനവിധി തട്ടിയെടുത്തതാണെന്നും മമത ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്നും ജനങ്ങളുടെ തീരുമാനം അട്ടിമറിക്കപ്പെട്ടതാണെന്നും അവര്‍ പ്രതികരിച്ചു. സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ സുവേന്ദു അധികാരിയോട് പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് മമത ബാനര്‍ജി പരാജയപ്പെട്ടത്.

You may also like