Home Sportsപ്ലേ ഓഫ് പോരാട്ടത്തിനിടെ ചെന്നൈക്ക് കനത്ത പ്രഹരം; ജാമി ഓവർട്ടൺ പരിക്കേറ്റ് പുറത്തേക്ക്

പ്ലേ ഓഫ് പോരാട്ടത്തിനിടെ ചെന്നൈക്ക് കനത്ത പ്രഹരം; ജാമി ഓവർട്ടൺ പരിക്കേറ്റ് പുറത്തേക്ക്

by news_desk
0 comments

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി മുന്നേറുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത തിരിച്ചടിയായി പേസ് ബൗളർ ജാമി ഓവർട്ടന്റെ പരിക്ക്. ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ വലത് തുടയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി താരം ഇംഗ്ലണ്ടിലേക്ക് മടങ്ങി. ഓവർട്ടൺ സീസണിൽ നിന്ന് പൂർണ്ണമായി പുറത്തായ വിവരം ചെന്നൈ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്ലേ ഓഫ് ഘട്ടത്തിൽ തിരിച്ചെത്താൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സീസണിൽ ചെന്നൈക്കായി മിന്നും പ്രകടനം കാഴ്ചവെച്ച ഓവർട്ടൺ 10 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതിനുപുറമെ 136 റൺസുമായി ബാറ്റിംഗിലും താരം തിളങ്ങി. ടീമിന്റെ രണ്ടാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരന്റെ മടക്കം റുതുരാജ് ഗെയ്‌ക്‌വാദിനും സംഘത്തിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റുമായി കളിയിലെ താരമായതും ഓവർട്ടണായിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ ബാക്കിയുള്ള മൂന്ന് മത്സരങ്ങൾ നിർണ്ണായകമാണ്.

സീസൺ ആരംഭിച്ചത് മുതൽ പരിക്കിന്റെ പിടിയിലായ ചെന്നൈ നിരയിൽ നിന്ന് എം.എസ്. ധോണി, ഖലീൽ അഹമ്മദ്, ആയുഷ് മാത്രെ, നഥാൻ എല്ലിസ്, രാമകൃഷ്ണ ഘോഷ് എന്നിവർ നേരത്തെ തന്നെ പുറത്തായിരുന്നു. പരിക്കേറ്റ രാമകൃഷ്ണ ഘോഷിന് പകരക്കാരനായി കർണാടക താരം മക്നീൽ നൊറോണയെ ടീം കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു. പരിക്കുകൾ വലയ്ക്കുന്ന സാഹചര്യത്തിൽ നാളെ വീണ്ടും ലക്നൗ സൂപ്പർ ജയന്റ്‌സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈക്ക് ടീം കോമ്പിനേഷൻ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാകും.

You may also like