മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ 2026–27 അധ്യയന വര്‍ഷത്തെ ബി.എഡ്, ബി.എഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ മൂന്ന്.
ജനറല്‍, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, ഭിന്നശേഷി ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള വിദ്യാര്‍ഥികളും നിര്‍ബന്ധമായും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ് പകര്‍പ്പ് സര്‍വകലാശാലയിലേക്കോ കോളേജുകളിലേക്കോ അയയ്ക്കേണ്ടതില്ല.
ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, ഡിഫന്‍സ്, ടീച്ചേഴ്‌സ് വിഭാഗങ്ങളിലെ സംവരണ പ്രവേശനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഉണ്ടായിരിക്കില്ല. ഈ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ റാങ്ക് ലിസ്റ്റ് ബന്ധപ്പെട്ട കോളേജുകള്‍ക്ക് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുകയും ചെയ്യും.
സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പരിഗണിക്കപ്പെടാന്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും കായിക മികവ് തെളിയിക്കുന്ന രേഖകളും സഹിതം തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് പ്രത്യേകം അയയ്ക്കണം.
മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം ബന്ധപ്പെട്ട കോളേജുകളിലും പ്രത്യേക അപേക്ഷ നല്‍കേണ്ടതാണ്.
വിശദമായ വിജ്ഞാപനവും പ്രവേശന വിവരങ്ങളും സര്‍വകലാശാലയുടെ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ് admission.uoc.ac.in . കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2407017, 0494 2407016, 0494 2660600.

