Home Nationalതുരുമ്പ് പിടിച്ച കത്തികളും പാത്രങ്ങളും വേണ്ട; ഭക്ഷ്യസുരക്ഷയ്ക്ക് കർശന നിർദേശവുമായി എഫ്എസ്എസ്എഐ

തുരുമ്പ് പിടിച്ച കത്തികളും പാത്രങ്ങളും വേണ്ട; ഭക്ഷ്യസുരക്ഷയ്ക്ക് കർശന നിർദേശവുമായി എഫ്എസ്എസ്എഐ

by news_desk1
0 comments

ദില്ലി: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് കർശന മാർഗനിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന അടുക്കള സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് പ്രധാന നിർദേശം.

ഭക്ഷണം തയ്യാറാക്കുന്നതിനായി ഫുഡ് ഗ്രേഡ് നിലവാരമുള്ളതും തുരുമ്പെടുക്കാത്തതുമായ കത്തികളും ബ്ലേഡുകളും മാത്രമേ ഉപയോഗിക്കാവൂ എന്ന് എഫ്എസ്എസ്എഐ നിർദേശിച്ചു. കത്തികൾ, ബ്ലേഡുകൾ, മറ്റ് കട്ടിങ് ഉപകരണങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കണമെന്നും ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർ പരിശോധന നടത്തണമെന്നും അറിയിച്ചു.

തുരുമ്പ് പിടിച്ചതും കേടുപാടുകൾ സംഭവിച്ചതും പെയിന്റ് ചെയ്തതുമായ കത്തികൾ, ബ്ലേഡുകൾ, മറ്റ് കട്ടിങ് ഉപകരണങ്ങൾ ചിലർ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എഫ്എസ്എസ്എഐയുടെ ഇടപെടൽ.

ഭക്ഷണം മലിനമാകാതിരിക്കാനായി ഫുഡ് ഗ്രേഡ് നിലവാരമുള്ളതും വിഷാംശമില്ലാത്തതും തുരുമ്പ് രഹിതവുമായ സാമഗ്രികൾ ഉപയോഗിക്കണമെന്നും അവ വൃത്തിയുള്ള സാഹചര്യത്തിൽ കൈകാര്യം ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.

ഭക്ഷണം പാകം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന പാത്രങ്ങൾ പൂർണമായും തുരുമ്പ് രഹിതവും വിഷാംശം ഇല്ലാത്തതുമായിരിക്കണം. കൂടാതെ പാചകത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റ് ഉപകരണങ്ങളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി അണുവിമുക്തമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഹോട്ടലുകൾ, തട്ടുകടകൾ, കാറ്ററിങ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്കും ഈ മാർഗനിർദേശം ബാധകമാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.

You may also like