പത്തനംതിട്ട: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടെ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്. കഴിഞ്ഞ 30 ദിവസത്തിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് 87 പേർ മരിച്ച സാഹചര്യത്തിൽ വിടുവായത്തം നിർത്തി ആരോഗ്യവകുപ്പിനെ ഏകോപനത്തോടെ നയിക്കണമെന്നാണ് വീണ ജോർജ് ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുൻ മന്ത്രിയുടെ വിമർശനം.
പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി പറയവേ ‘10 വർഷത്തെ റീൽസും അഞ്ച് വർഷത്തെ വീണമീട്ടലുമാണ് പ്രശ്നം’ എന്ന കെ. മുരളീധരന്റെ പരാമർശത്തെയും വീണ ജോർജ് വിമർശിച്ചു.
പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതിരുന്നപ്പോഴാണ് ഇത്തരത്തിലുള്ള പരാമർശം നടത്തിയതെന്ന് വീണ ജോർജ് പറഞ്ഞു. സോണിയ ഗാന്ധിയെ ‘മദാമ്മ’ എന്നും അഹമ്മദ് പട്ടേലിനെ ‘അലൂമിനിയം പട്ടേൽ’ എന്നും വിളിച്ച മുരളീധരനിൽ നിന്ന് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഇടയ്ക്കിടെ ഓർമ്മിപ്പിക്കുകയാണെന്നും അവർ പ്രതികരിച്ചു.
എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ നിലവിലെ ആരോഗ്യമന്ത്രിക്ക് പ്രശ്നമാകാമെന്നും, പ്രതിപക്ഷത്തിരിക്കുമ്പോൾ ആരോഗ്യവകുപ്പിനെയും മന്ത്രിയെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന ആളുകളിൽ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രിയെന്നും വീണ ജോർജ് ആരോപിച്ചു. അന്നത്തെ പ്രസ്താവനകൾ ഇപ്പോൾ ബൂമറാങ് പോലെ തിരിച്ചെത്തുകയാണെന്നും അവർ പറഞ്ഞു.
എൽഡിഎഫ് ഭരണകാലത്തെ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ വീണ ജോർജ്, ഡെങ്കിപ്പനി മരണനിരക്ക് 0.8ൽ നിന്ന് 0.1 ആയി കുറയ്ക്കാൻ കഴിഞ്ഞതും, നാല് മെഡിക്കൽ കോളേജുകൾ ആരംഭിച്ച് അംഗീകാരം നേടിയതും, ശിശുമരണ നിരക്ക് 12ൽ നിന്ന് 5.6 ആയി കുറച്ചതും, സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും ലാബ് സംവിധാനങ്ങൾ വ്യാപിപ്പിച്ചതും ഉൾപ്പെടെ നിരവധി മാറ്റങ്ങൾ ഉണ്ടായതായി വ്യക്തമാക്കി.
യു.ഡി.എഫ് കാലത്ത് പ്രഖ്യാപിച്ച 200 ആരോഗ്യ കേന്ദ്രങ്ങളിലെ ലാബ് പദ്ധതി നടപ്പിലാക്കാനായില്ലെന്നും, എന്നാൽ കഴിഞ്ഞ സർക്കാർ 1300 ലാബുകളിലൂടെ സംസ്ഥാനത്ത് ശക്തമായ ലാബ് ശൃംഖല സൃഷ്ടിച്ചുവെന്നും അവർ പറഞ്ഞു. എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രി തലത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കുന്നതിനായി കാത്ത് ലാബുകളും ആരംഭിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
30 ദിവസത്തിനിടെ 87 പേർ പനി ബാധിച്ച് മരിച്ച യാഥാർത്ഥ്യത്തെ നിസാരവത്കരിക്കാതെ, ആരോഗ്യവകുപ്പിനെ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ഫലപ്രദമായ ഇടപെടലുകളാണ് ആരോഗ്യമന്ത്രി നടത്തേണ്ടതെന്നും വീണ ജോർജ് പറഞ്ഞു.

