കോഴിക്കോട്: കോഴിക്കോട് മാവൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാരെ ഇൻറലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖകളും സിം കാർഡുകളും ഇവർ എങ്ങനെ നേടിയെടുത്തുവെന്നാണ് അന്വേഷണ ഏജൻസികൾ പ്രധാനമായും പരിശോധിക്കുന്നത്. ഇവർക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് ബംഗ്ലാദേശ് പൗരന്മാരെയാണ് മാവൂർ പൊലീസ് പിടികൂടിയത്. മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനധികൃതമായി രാജ്യത്തേക്ക് അതിക്രമിച്ച് കടന്നതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ഇവർക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
വ്യാജ തിരിച്ചറിയൽ രേഖകളും സിം കാർഡുകളും ഇവർ സംഘടിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇവയുടെ ഉറവിടവും അന്വേഷണ പരിധിയിലുണ്ട്. 20 ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിലെത്തിയതെന്നാണ് അറസ്റ്റിലായവരുടെ മൊഴി.
കൽപ്പള്ളിയിലെത്തുന്നതിന് മുമ്പ് ഇവർ മലപ്പുറം എടവണ്ണപ്പാറയിൽ താമസിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെ മൊബൈൽ ഫോണുകളും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് ജോലി നൽകിയവരെക്കുറിച്ചും അന്വേഷണം നടത്തും. പ്രാഥമികമായി കെട്ടിട നിർമാണ തൊഴിലാളികളായാണ് ഇവർ ജോലി ചെയ്തിരുന്നതെന്നാണ് വിവരം.
രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് മാവൂർ പൊലീസ് അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തി മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയത്.

