ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാകിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിക് മാലിക്. സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന്റെ അവകാശപ്പെട്ട വെള്ളത്തിൽ കൈവെക്കാൻ ശ്രമിക്കുന്നവരുടെ “കൈകൾ വെട്ടിമാറ്റും” എന്നായിരുന്നു മന്ത്രിയുടെ ഭീഷണി.
2025-ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് മുസാദിക് മാലിക്കിന്റെ പരാമർശം. പാകിസ്ഥാന്റെ ജലവിഹിതം ഇന്ത്യ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, പാകിസ്ഥാന്റെ വിഹിതമായ വെള്ളം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. “അയൽരാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഈ ജലത്തിന്റെ ടാപ്പ് നിയന്ത്രിക്കുന്നത്. പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്,” എന്നാണ് മാലിക്കിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പാകിസ്ഥാനിലെ ജനസംഖ്യയുടെ 40 മുതൽ 50 ശതമാനം വരെ ആളുകൾ ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും 50 ശതമാനം തൊഴിലവസരങ്ങളും 25 ശതമാനം സമ്പദ്‌വ്യവസ്ഥയും മറ്റാരോ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
മാലിക്കിന്റെ പരാമർശങ്ങൾ പാകിസ്ഥാനിലെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്താഉള്ള തരാർ, സിന്ധു നദീജല കരാർ നിയമപരമായി നിലനിൽക്കുന്നതാണെന്നും അത് ഏകപക്ഷീയമായി റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ കഴിയില്ലെന്നും വാദിച്ചു. കരാർ നിലവിലുള്ളിടത്തോളം സിന്ധു നദിയിലെ വെള്ളത്തിൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും വെള്ളം രാജ്യത്തിന്റെ ജീവനാഡിയും ചുവപ്പുരേഖയുമാണെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത ഒന്നര മുതൽ രണ്ട് വർഷത്തിനുള്ളിൽ സിന്ധു നദിയിലെ ഇന്ത്യയുടെ വിഹിതം പൂർണമായി വിനിയോഗിക്കുമെന്നും ഇന്ത്യയ്ക്കുള്ള ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുക്കില്ലെന്നും കേന്ദ്ര ജലവിഭവ മന്ത്രി സി.ആർ. പാട്ടീൽ നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് പാകിസ്ഥാനിൽ നിന്ന് ഈ പ്രതികരണങ്ങൾ ഉണ്ടായത്.
കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സിവിലിയന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചത്. പാകിസ്ഥാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകര ശൃംഖലകൾക്കെതിരെ ഇസ്ലാമാബാദ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നതുവരെ കരാർ സസ്പെൻഡ് ചെയ്ത നില തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്.
1960-ൽ വേൾഡ് ബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച സിന്ധു നദീജല കരാറാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദിയുടെയും അതിന്റെ പോഷകനദികളുടെയും ജലവിതരണവും ഉപയോഗവും നിയന്ത്രിക്കുന്നത്.

