ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. 183.50 രൂപയുടെ കുറവോടെ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2,951 രൂപയായി. ഈ വിലക്കുറവ് ഹോട്ടൽ മേഖലയ്ക്ക് നേരിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട സാഹചര്യത്തിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് കേന്ദ്ര സർക്കാർ നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിതരണ പ്രതിസന്ധിക്കൊപ്പം വിലയും ഗണ്യമായി ഉയർന്നിരുന്നു. മെയ് ആദ്യവാരത്തിൽ വാണിജ്യ സിലിണ്ടറിന്റെ വില 900 രൂപയിലധികം വർധിപ്പിച്ചിരുന്നു.
തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ പിൻവലിച്ചു. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് വിതരണം പുനഃസ്ഥാപിക്കാനാണ് തീരുമാനമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
കടുത്ത ക്ഷാമം നേരിട്ട സാഹചര്യത്തിൽ രാജ്യത്തെ കുടുംബങ്ങൾക്ക് ആവശ്യമായ എൽപിജി വിതരണം ഉറപ്പാക്കുന്നതിനാണ് ആദ്യം മുൻഗണന നൽകിയിരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

