ടെഹ്റാൻ: കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുതിർന്ന കമാൻഡർ അഹമ്മദ് വാഹിദി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ വാഹനിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിൽ വാഹിദി കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
വ്യാഴാഴ്ച നടന്ന ശവസംസ്കാര ആസൂത്രണ യോഗത്തിൽ വാഹിദി പങ്കെടുത്തിരുന്നു. തുടർന്ന് ഖമനയിയുടെ മൃതദേഹത്തിന് സമീപം ആദരാഞ്ജലി അർപ്പിക്കാനെത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഫെബ്രുവരി 8ന് ശേഷം ആദ്യമായാണ് വാഹിദി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. വരും ദിവസങ്ങളിൽ നടക്കുന്ന വിപുലമായ ശവസംസ്കാര ചടങ്ങുകളുടെ ക്രമീകരണങ്ങളിലും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്.
അതേസമയം, ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കമായി. പൊതുദർശനം ഇന്ന് ടെഹ്റാനിൽ ആരംഭിക്കും. ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായാണ് വിലാപയാത്ര നടക്കുക. ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ടെഹ്റാനിലേക്ക് ഒഴുകിയെത്തുകയാണ്.
ഇന്ത്യൻ പ്രതിനിധി സംഘവും ഖമനയിക്ക് ആദരാഞ്ജലി അർപ്പിച്ചു. ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ, വിദേശകാര്യ സഹമന്ത്രി പ്രബിത്ര മാർഗരിത എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. വിദേശകാര്യ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
ഇതിനിടെ, ഖമനയിയുടെ സംസ്കാര ചടങ്ങിൽ അദ്ദേഹത്തിന്റെ മകനും നിലവിലെ ഇറാന്റെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ മൊജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത്.
ആക്രമണത്തിൽ മൊജ്തബയുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റതായും, ഒരു കാലിൽ ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. യുദ്ധത്തിന് ശേഷം മൊജ്തബ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സുരക്ഷാ കാരണങ്ങളാലും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അടുത്ത അനുയായികൾ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഐആർജിസിയിലെ ദീർഘകാല കമാൻഡറായ അഹമ്മദ് വാഹിദി, ഇറാന്റെ പ്രതിരോധ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ്. എലൈറ്റ് ഖുദ്സ് ഫോഴ്സിന്റെ മുൻ തലവനായും പ്രതിരോധ, ആഭ്യന്തര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആയത്തുള്ള അലി ഖമനയി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്ന് വാഹിദിയെ ഐആർജിസിയുടെ തലവനായി നിയമിച്ചിരുന്നു.

