ദില്ലി: പഞ്ചാബിലെ തരൺ തരൻ ജില്ലയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ഭാര്യയുടെ സഹോദരൻ തീകൊളുത്തിക്കൊന്നു. യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു സ്ത്രീക്കും ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരിച്ചു. ജൂൺ 13-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലൗപ്രീത് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായുണ്ടായ പ്രശ്നത്തെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയെ അനുനയിപ്പിച്ച് തിരികെ കൂട്ടിക്കൊണ്ടുവരാനാണ് ലൗപ്രീത് തരൺ തരൻ ജില്ലയിലെ ഭാര്യയുടെ വീട്ടിലെത്തിയത്.
എന്നാൽ അവിടെവച്ച് സാജൻ സിങ് എന്നയാൾ ലൗപ്രീതിന്റെ ദേഹത്ത് മണ്ണെണ്ണയെന്ന് സംശയിക്കുന്ന ദ്രാവകം ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തീ പടർന്നതോടെ ലൗപ്രീതിനെ രക്ഷിക്കാൻ ഒരു സ്ത്രീ ഓടിയെത്തി. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ അവർക്കും ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങി.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ മറ്റൊരാളെ പെട്ടെന്ന് തീകൊളുത്തുന്നതും തുടർന്ന് തീപിടിച്ച യുവാവ് രക്ഷപ്പെടാൻ ശ്രമിക്കുന്നതും കാണാം. ഈ സമയം തീ അണയ്ക്കാൻ ഓടിയെത്തിയ സ്ത്രീയിലേക്കും തീ പടരുകയായിരുന്നു.
സംഭവത്തിനിടെ പ്രതിയായ സാജൻ സിങ്ങിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ തരൺ തരൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

