Home Keralaആദ്യം നിലപാട് ആവർത്തിച്ചു, പിന്നാലെ വിശദീകരണം; വിമത എംഎൽഎമാരോട് ചോദ്യങ്ങളുമായി എം.വി. ജയരാജൻ

ആദ്യം നിലപാട് ആവർത്തിച്ചു, പിന്നാലെ വിശദീകരണം; വിമത എംഎൽഎമാരോട് ചോദ്യങ്ങളുമായി എം.വി. ജയരാജൻ

by news_desk1
0 comments

കണ്ണൂർ: തെറ്റ് തിരുത്തിയാൽ വിമതരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരിച്ചുവരുന്നതിൽ തടസ്സമില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. എന്നാൽ ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതിന് പിന്നാലെ, വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി ജയരാജൻ രംഗത്തെത്തി.

പാർട്ടി സെക്രട്ടറിക്ക് തന്റെ പ്രതികരണത്തിൽ യാതൊരു അതൃപ്തിയുമില്ലെന്നും, താൻ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി പറയേണ്ടത് വിമത എം.എൽ.എമാരാണെന്നും എം.വി. ജയരാജൻ പറഞ്ഞു. കെ.ആർ. ഗൗരിയമ്മയും എം.വി. രാഘവനും തെറ്റ് തിരുത്തിയാണ് ജീവിതത്തിന്റെ അവസാനഘട്ടത്തിൽ വീണ്ടും ചെങ്കൊടിക്കൊപ്പം പ്രവർത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടർന്ന് പി.എം. ശ്രീ പദ്ധതി, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് വിമത എം.എൽ.എമാരോട് അദ്ദേഹം ചോദ്യങ്ങളും ഉയർത്തി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾക്കെതിരെ മുഖ്യമന്ത്രിയോട് നിയമനടപടി ആവശ്യപ്പെടുമോ, പി.എം. ശ്രീ പദ്ധതിയെക്കുറിച്ചുള്ള നിലപാട് എന്താണ്, എസ്.ഐ.ആർ നടപ്പാക്കിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചതിനെക്കുറിച്ച് എന്താണ് അഭിപ്രായം തുടങ്ങിയ കാര്യങ്ങളിൽ വിമത എം.എൽ.എമാർ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, എം.വി. ജയരാജന്റെ പ്രതികരണം പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഓരോരുത്തരും മാധ്യമങ്ങളിലൂടെ പറയുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ട സാഹചര്യമില്ലെന്നും, തെറ്റ് തിരുത്തിയാൽ ആരെയും പാർട്ടിയിലേക്ക് തിരിച്ചെടുക്കാമെങ്കിലും പാർട്ടിയെ വിട്ട് വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാടുകളെ പാർട്ടി വിമർശിക്കുന്നത് തുടരുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വഞ്ചന ചെയ്തിട്ടില്ലെങ്കിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് വിമത എം.എൽ.എമാർ മറുപടി നൽകണമെന്നും, മറുപടി പറയാതിരിക്കുന്നത് അവരുടെ നിലപാടിനെ വ്യക്തമാക്കുന്നതായിരിക്കുമെന്നും എം.വി. ജയരാജൻ പറഞ്ഞു. കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കരുതെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ അവർ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ നൽകിയ അഭിമുഖത്തിൽ, ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് മടങ്ങിവരുന്നതിൽ തടസ്സമില്ലെന്നും, പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനെപ്പോലും പിന്നീട് പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും എം.വി. ജയരാജൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, താൻ ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം വ്യക്തമാക്കട്ടെയെന്നും, അപ്പോൾ മറുപടി പറയാമെന്നും വി. കുഞ്ഞികൃഷ്ണൻ പ്രതികരിച്ചിരുന്നു.

പയ്യന്നൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ചയുണ്ടായെന്നും മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ വിജയം നേടാനാകുമായിരുന്നുവെന്നും എം.വി. ജയരാജൻ അഭിപ്രായപ്പെട്ടു. തളിപ്പറമ്പിനെയും പയ്യന്നൂരിനെയും ഒരുപോലെ കാണാനാകില്ലെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തളിപ്പറമ്പിൽ യു.ഡി.എഫിന് മേൽക്കൈയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.കെ. ഗോവിന്ദനെ വീട്ടിൽ സ്വീകരിച്ച വിനോദിനിയുടെ നടപടിയെയും എം.വി. ജയരാജൻ വിമർശിച്ചു.

You may also like