Home National9കാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി; കേസിൽ സംശയിച്ച 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സംഘർഷത്തിൽ വാഹനങ്ങൾക്കും തീയിട്ടു

9കാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി; കേസിൽ സംശയിച്ച 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സംഘർഷത്തിൽ വാഹനങ്ങൾക്കും തീയിട്ടു

by news_desk1
0 comments

കൊൽക്കത്ത: കാണാതായ 9 വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ കേസിൽ സംശയിക്കപ്പെട്ട 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരൂയിപൂരിലാണ് സംഭവം.

9കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് പ്രദേശവാസികൾ അക്രമാസക്തരായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾക്കൊപ്പം കണ്ടതായി സംശയിക്കുന്ന 26കാരനായ ഇന്ദ്രജിത് തന്തിയെയാണ് നാട്ടുകാർ മർദിച്ച് കൊലപ്പെടുത്തിയത്.

ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായതോടെ പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്നങ്ങളുണ്ടായി. പെൺകുട്ടിയുടെ മൃതദേഹം പൊലീസിന് വിട്ടുനൽകാൻ നാട്ടുകാർ ആദ്യം തയ്യാറായില്ല. മൃതദേഹവുമായി റോഡ് ഉപരോധിക്കുകയും പ്രധാന ഗതാഗത മാർഗങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തു. പ്രതിഷേധത്തിനിടെ നിരവധി വാഹനങ്ങൾക്കും തീയിട്ടു. അഞ്ച് മണിക്കൂറോളം റോഡ് ഉപരോധം തുടരുകയും ട്രെയിൻ സർവീസ് ഒരു മണിക്കൂറോളം തടസ്സപ്പെടുകയും ചെയ്തു.

പ്രാദേശിക രാഷ്ട്രീയ നേതാവായ ശാന്തനു മൊണ്ഡാൽ കേസിലെ മൂന്ന് പ്രതികളെ രക്ഷപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്.

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെയാണ് സംഘർഷാവസ്ഥയ്ക്ക് ശമനമായത്. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ച ശേഷമാണ് നാട്ടുകാർ 9കാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബാരൂയിപൂർ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചത്.

പെൺകുട്ടിയുടെ മരണത്തെയും തുടർന്ന് നടന്ന ആൾക്കൂട്ട കൊലപാതകത്തെയും കുറിച്ച് പൊലീസ് പ്രത്യേകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ 9കാരി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ രാത്രി മുഴുവൻ തിരച്ചിൽ നടത്തി. തുടർന്ന് ഞായറാഴ്ച രാവിലെയാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് രാഷ്ട്രീയ വിവാദവും ശക്തമായിട്ടുണ്ട്. പ്രതിപക്ഷം ഭരണകൂടത്തിനെതിരെ വിമർശനമുന്നയിച്ചപ്പോൾ, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭരണപക്ഷം അറിയിച്ചു.

You may also like