Home Internationalഹോർമുസിൽ ഇറാൻ-അമേരിക്ക നേർക്കുനേർ; കപ്പൽ ഗതാഗതത്തിൽ മുന്നറിയിപ്പ്, എണ്ണവില വീണ്ടും കുതിക്കുന്നു

ഹോർമുസിൽ ഇറാൻ-അമേരിക്ക നേർക്കുനേർ; കപ്പൽ ഗതാഗതത്തിൽ മുന്നറിയിപ്പ്, എണ്ണവില വീണ്ടും കുതിക്കുന്നു

by news_desk1
0 comments

ദുബായ്: ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഹോർമുസ് കടലിടുക്ക് കടക്കാനാകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, ഹോർമുസ് അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഒരു ഡസൻ ആണവ ബോംബുകളേക്കാൾ പ്രധാനമാണ് ഹോർമുസ് കടലിടുക്കെന്ന് ഇറാൻ സൈനിക നേതൃത്വത്തിലെ വിവിധ ഉദ്യോഗസ്ഥർ പ്രതികരിച്ചു. സംഘർഷം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ മേഖലയിൽ നിലനിൽക്കുന്നത്.

ജോർദാനിലെ ആയുധപ്പുര, ഇന്ധന ടാങ്കുകൾ, ബഹ്‌റൈനിലെ ഡ്രോൺ കമാൻഡ് സെന്റർ, ഹാങ്ങർ, ഹെലികോപ്റ്റർ ഓവർഹോൾ കേന്ദ്രം എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. പരമോന്നത നേതാവിനെതിരായ വധഭീഷണിക്ക് മറുപടി നൽകാനുള്ള നടപടികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് പ്രഖ്യാപിക്കണമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

ഇതിനിടെ ബന്ദൻ അബ്ബാസ്, സിരിക്, ഖഷം മേഖലകളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കുവൈത്തിൽ ഇറാൻ നടത്തിയ തിരിച്ചടിയിൽ വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഖത്തറിൽ നടന്ന ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിലെ മാഹ്ഷാഹറിലെ വാട്ടർ പമ്പിംഗ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരാൾ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ നടപടിയുടെ ഭാഗമായി ഇറാനിലെ 140-ലധികം കേന്ദ്രങ്ങളിലേക്ക് ഡ്രോണുകൾ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസിൽ ജി.എഫ്.എസ്. ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘർഷം വീണ്ടും ശക്തമായത്.

അതേസമയം പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും കടുത്തതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഒരു ബാരൽ എണ്ണയുടെ വില 79 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 80 ഡോളറിന് സമീപത്താണ്. സമാധാന കരാർ നിലവിൽ വന്ന സമയത്ത് 65 ഡോളർ വരെ താഴ്ന്നിരുന്ന വില കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം നാല് ശതമാനത്തോളം ഉയർന്നു. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും എണ്ണവില വീണ്ടും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

You may also like