കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വ്യാപാരം നടത്തിയെന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
‘ബാക്ക് ടു ഫിറ്റ്നസ്’ എന്ന പേരിലുള്ള ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ 200 ഗ്രാമിലധികം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഏകദേശം പത്ത് ലക്ഷം രൂപയുടെ വിപണി വിലയുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ജിംനേഷ്യത്തിന്റെ ഉടമ ലഹരി വ്യാപാരത്തിൽ തനിക്ക് പങ്കില്ലെന്നാണ് പ്രതികരിച്ചത്. എന്നാൽ, ഈ സംഘം കുറച്ച് നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ഇവർക്കെതിരെ നാട്ടുകാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണെന്നും ലഹരി ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

