പാലാ: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം പത്ത് വർഷത്തിലധികമായി വാടകയ്ക്ക് നൽകാൻ കഴിയാതെ കിടന്ന പാലാ മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഒടുവിൽ നഗരസഭയ്ക്ക് സ്ഥിരവരുമാനമാകുന്നു. കെട്ടിടം വാടകയ്ക്ക് നൽകുന്നതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയും പ്രതിവർഷം 37,20,000 രൂപയും അധിക വരുമാനമായി ലഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.
കെട്ടിട നിർമ്മാണം പൂർത്തിയായി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ജലലഭ്യത ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻ ഭരണസമിതികൾക്ക് കഴിഞ്ഞിരുന്നില്ല. ഇതുമൂലം പലതവണ ലേലം വിളിച്ചിട്ടും കെട്ടിടം ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഇതോടെ നഗരസഭയ്ക്ക് നാളിതുവരെ ഏകദേശം മൂന്നരക്കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായതായും ചെയർപേഴ്സൺ വ്യക്തമാക്കി.
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ പോലും ബുദ്ധിമുട്ട് നേരിടുന്ന സാമ്പത്തിക സാഹചര്യത്തിലാണ് പുതിയ ഭരണസമിതി കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്. കുടിവെള്ള സൗകര്യം ഉൾപ്പെടെയുള്ള ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയാണ് കെട്ടിടം ഉപയോഗയോഗ്യമാക്കിയത്.
പാലാ വലവൂർ ട്രിപ്പിൾ ഐടിയുടെ ഹോസ്റ്റൽ ആവശ്യങ്ങൾക്കായാണ് കെട്ടിടം ഇപ്പോൾ വാടകയ്ക്ക് നൽകുന്നത്. ഇതിനാവശ്യമായ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായതായി നഗരസഭ അറിയിച്ചു. ഒരു മാസത്തിനകം കെട്ടിടം കൈമാറുന്നതോടെ നഗരസഭയുടെ തനത് ഫണ്ടിലേക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ സ്ഥിരവരുമാനം ലഭിക്കും.
നിരവധി സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നഗരസഭയുടെ സ്വന്തം വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും വികസന പ്രവർത്തനങ്ങൾക്ക് ഇത് കൂടുതൽ കരുത്താകുമെന്നും ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.

