ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ, വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഉറപ്പുനൽകുകയോ ചെയ്താൽ ജൂലൈ 20-ന് തന്നെ നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് അദ്ദേഹം എക്സിലൂടെ അറിയിച്ചു.
ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ കഴിയുന്ന സോനം വാങ്ചുക്ക്, താൻ നിയമവിരുദ്ധമായ തടങ്കലിലാണെന്നും സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും ആശയവിനിമയ സംവിധാനങ്ങളും തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും ആരോപിച്ചു.
ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രംഗത്തെ സമീപകാല പരാജയങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ, താനും സി.ജെ.പി നേതൃത്വവും പാർലമെന്റിന്റെ പടിവാതിൽക്കൽ എത്തുമ്പോൾ എംപിമാരും വിവിധ പാർട്ടി നേതാക്കളും ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഉറപ്പുനൽകുകയോ ചെയ്താൽ സമരം അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതല്ലെങ്കിൽ ആരോഗ്യസ്ഥിതിയോ മറ്റ് സാഹചര്യങ്ങളോ കാരണം പാർലമെന്റിലേക്ക് എത്താൻ കഴിയാത്ത പക്ഷം, എംപിമാരും വിവിധ പാർട്ടി നേതാക്കളും ആശുപത്രിയിലെത്തി അതേ ഉറപ്പ് നൽകണമെന്നും സോനം വാങ്ചുക്ക് ആവശ്യപ്പെട്ടു.
ഇതിനിടെ, കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പ്രവർത്തകർ പാർലമെന്റിലേക്ക് നടത്തുന്ന മാർച്ച് ഇന്ത്യയുടെ “രണ്ടാം സ്വാതന്ത്ര്യ സമരം” ആണെന്നും അത് വൻ വിജയമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി സി.ജെ.പി സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ച് ഇന്ന് രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുകളിലൂടെ എത്തുന്നവരെ പ്രത്യേകമായി നിരീക്ഷിക്കുമെന്നും ആവശ്യമായാൽ ചില മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചേക്കുമെന്നും അധികൃതർ അറിയിച്ചു.
പുലർച്ചെ മുതൽ തന്നെ ജന്തർ മന്തറിലെ പ്രതിഷേധ കേന്ദ്രത്തിലേക്ക് പ്രവർത്തകരും യുവാക്കളും എത്തിത്തുടങ്ങിയിട്ടുണ്ട്.
