Home Top Storiesപരീക്ഷാ ക്രമക്കേട്: ‘പി.എസ്.സി ഉത്തരവ് പാലിക്കുന്നില്ല’; വിവരാവകാശ കമ്മീഷന് വീണ്ടും പരാതി, ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടു

പരീക്ഷാ ക്രമക്കേട്: ‘പി.എസ്.സി ഉത്തരവ് പാലിക്കുന്നില്ല’; വിവരാവകാശ കമ്മീഷന് വീണ്ടും പരാതി, ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടു

by news_desk1
0 comments

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കേരള പി.എസ്.സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാതെ പി.എസ്.സി ഒളിച്ചുകളിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരക്കടലാസുകൾ നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഇടപെടണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ, ഉത്തരസൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ, മാർക്ക് ഷീറ്റ് ഉൾപ്പെടെയുള്ള രേഖകൾ പി.എസ്.സി നേരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് രേഖകൾ കൈമാറിയത്.

അതേസമയം, നിയമന നടപടികൾ പൂർത്തിയായിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ ഉദ്യോഗാർത്ഥികൾക്ക് നൽകാനാകില്ലെന്ന നിലപാടാണ് പി.എസ്.സി സ്വീകരിച്ചിരുന്നത്.

പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവും പി.എസ്.സി നേരത്തെ തള്ളിയിരുന്നു. ഒരു റാങ്ക് പട്ടിക കൂടി പ്രസിദ്ധീകരിക്കാനിരിക്കുന്ന സാഹചര്യത്തിൽ രേഖകൾ കൈമാറാൻ കഴിയില്ലെന്നായിരുന്നു അപേക്ഷകനു നൽകിയ വിശദീകരണം. കൂടാതെ വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പി.എസ്.സി അറിയിച്ചിരുന്നു.

ഇതിനിടെ പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ വിഷയത്തിൽ നടക്കുന്ന നിയമനടപടികളും അന്വേഷണങ്ങളും കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.

You may also like