ബെംഗളൂരു: ബെംഗളൂരുവിലെ കെ.ആർ.പുരത്ത് മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായം തേടിയിരുന്നുവെന്ന നിർണായക കണ്ടെത്തലുമായി പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനും മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിനുമുള്ള വിവരങ്ങൾ എഐ പ്ലാറ്റ്ഫോമിലൂടെ ശേഖരിച്ചുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
കേസിന്റെ അന്വേഷണം ഒരുമാസം പിന്നിടുമ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. പ്രതിയായ കെന്നത്തിന്റെ ചാറ്റ് ഹിസ്റ്ററി ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട കമ്പനിയെ പൊലീസ് സമീപിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 22-നാണ് കെ.ആർ.പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സീഗെബള്ളിയിലെ അപ്പാർട്ട്മെന്റിൽ സോമസുന്ദരം (55), ഭാര്യ മുത്തുലക്ഷ്മി (48), മകൾ സുപ്രിയ (19) എന്നിവരെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർ അന്വേഷണത്തിൽ ദമ്പതികളുടെ മൂത്തമകളായ ശ്വേത (25), പങ്കാളിയായ കെന്നത്ത് (25) എന്നിവർ ഒളിവിലാണെന്ന് കണ്ടെത്തി. തുടർന്ന് ജൂൺ 24, 25 തീയതികളിലായി പുതുച്ചേരിയിൽ നിന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടർ അന്വേഷണത്തിലാണ് കെന്നത്ത് കഴിഞ്ഞ ആറുമാസമായി എഐ ഉപയോഗിച്ച് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നതായി കണ്ടെത്തിയത്. “വീട്ടിലേക്ക് കള്ളൻമാർ കയറിയാൽ എങ്ങനെ പ്രതിരോധിക്കാം?”, “എന്തൊക്കെ ആയുധങ്ങൾ ഉപയോഗിക്കാം?” തുടങ്ങിയ ചോദ്യങ്ങളിലൂടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതി ശേഖരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ക്ലൗഡ് കിച്ചൺ സംരംഭത്തിനായി വാങ്ങിയിരുന്ന ഇരുമ്പ് ഫർണസ് ഉപയോഗിച്ച് മൃതദേഹങ്ങൾ മറവ് ചെയ്യാനും പ്രതി പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ അത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ചില കാര്യങ്ങൾ കെന്നത്ത് ശ്വേതയുമായി പങ്കുവെച്ചിരുന്നെങ്കിലും അത് തമാശയാണെന്നാണ് ശ്വേത കരുതിയതെന്ന് പൊലീസ് അറിയിച്ചു.
സാമ്പത്തിക ബാധ്യതകളില്ലാതെ ജീവിക്കാൻ കുടുംബത്തിന്റെ പണം കൈക്കലാക്കുക എന്നതായിരുന്നു കെന്നത്തിന്റെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ക്ലൗഡ് കിച്ചൺ ആരംഭിക്കുന്നതിനായി ശ്വേത അമ്മയിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
