Home Keralaജാതി അധിക്ഷേപവും പീഡനവും ആരോപിച്ച് ഗവേഷക വിദ്യാർത്ഥിനി; മലയാള സർവകലാശാല അധ്യാപകനെതിരെ ഗുരുതര പരാതി

ജാതി അധിക്ഷേപവും പീഡനവും ആരോപിച്ച് ഗവേഷക വിദ്യാർത്ഥിനി; മലയാള സർവകലാശാല അധ്യാപകനെതിരെ ഗുരുതര പരാതി

by news_desk1
0 comments

മലപ്പുറം: മലയാള സർവകലാശാലയിലെ അധ്യാപകനെതിരെ ജാതി അധിക്ഷേപവും മാനസിക പീഡനവും ആരോപിച്ച് ഗവേഷക വിദ്യാർത്ഥിനി രംഗത്ത്. പരിസ്ഥിതി പഠന വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയായ എറണാകുളം സ്വദേശിനിയാണ് അധ്യാപകനായ ഡോ. അരുണ്‍ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പരാതി നൽകിയിട്ടും സർവകലാശാല നടപടിയെടുത്തില്ലെന്നും വിദ്യാർത്ഥിനി ആരോപിച്ചു.

2024-ൽ ഗവേഷണത്തിന് പ്രവേശനം ലഭിച്ച സമയത്ത് വിഭാഗം ഡയറക്ടറായിരുന്ന ഡോ. അരുണ്‍ ബാബു പരസ്യമായി ജാതി അധിക്ഷേപം നടത്തിയെന്നാണ് വിദ്യാർത്ഥിനിയുടെ ആരോപണം.

ഗവേഷണവുമായി ബന്ധമില്ലാത്ത തൂപ്പുപണി, പൊടി തുടപ്പിക്കൽ, ലാബിലെ വസ്തുക്കൾ ക്രമപ്പെടുത്തൽ തുടങ്ങിയ ജോലികൾ ചെയ്യിപ്പിച്ചെന്നും ഗവേഷണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ യാതൊരു സഹായവും നൽകിയില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.

പരാതികൾ നൽകിയ ശേഷവും സ്ഥിതി മാറിയില്ലെന്നും, “ഇവിടെ പി.എച്ച്.ഡി ചെയ്യണമെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം”, “ജാതി കാരണമാണ് ഫെല്ലോഷിപ്പ് കിട്ടിയത്, കഴിവ് കൊണ്ടല്ല” തുടങ്ങിയ പരാമർശങ്ങൾ അധ്യാപകൻ നടത്തിയിരുന്നുവെന്നും വിദ്യാർത്ഥിനി ആരോപിച്ചു.

രണ്ട് വർഷമായിട്ടും ഗവേഷണ രൂപരേഖ അംഗീകരിച്ചില്ലെന്നും അതിനാൽ ഡോക്ടറൽ കമ്മിറ്റി പോലും വിളിച്ചുചേർത്തില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. ഇരിക്കാൻ കസേര പോലും നൽകിയില്ലെന്നും മറ്റൊരു അധ്യാപികയും സമാന രീതിയിൽ പെരുമാറിയെന്നും ആരോപിച്ചു.

ഈ സംഭവങ്ങളെ തുടർന്ന് തനിക്ക് വിഷാദരോഗം ബാധിച്ചെന്നും രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും വിദ്യാർത്ഥിനി വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിൽ വൈസ് ചാൻസലർ, രജിസ്ട്രാർ, റിസർച്ച് ഡയറക്ടർ എന്നിവർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ ആരോപിച്ചു.

അതേസമയം, വിദ്യാർത്ഥിനിയുടെ പരാതിയിൽ സർവകലാശാലയിലെ എസ്.സി/എസ്.ടി സെൽ അന്വേഷണം നടത്തിയതായും ജാതി അധിക്ഷേപം നടന്നുവെന്നതിന് തെളിവില്ലെന്ന റിപ്പോർട്ടാണ് സമർപ്പിച്ചതെന്നും രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ അറിയിച്ചു.

വിദ്യാർത്ഥിനിയുടെ ഗവേഷണ വിഷയത്തിൽ സർവകലാശാലയിൽ പ്രത്യേക അധ്യാപകർ ഇല്ലാത്തതിനാൽ കോ-ഗൈഡിനെ നിയോഗിക്കാനും ആവശ്യമായ ലാബ് സൗകര്യം ഉപയോഗിക്കാനും നിർദേശം നൽകിയിരുന്നുവെന്നും സർവകലാശാലയുടെ ചട്ടപ്രകാരം ചെയ്യാവുന്ന എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും രജിസ്ട്രാർ വ്യക്തമാക്കി.

You may also like