Home Keralaകാസർകോട് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 7 വിദ്യാർത്ഥികൾക്ക് പരിക്ക്, അമിതവേഗമെന്ന് സൂചന

കാസർകോട് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 7 വിദ്യാർത്ഥികൾക്ക് പരിക്ക്, അമിതവേഗമെന്ന് സൂചന

by news_desk1
0 comments

കാസർകോട്: സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാസർകോട് നഗരത്തിലെ മാർക്കറ്റിന് സമീപമാണ് അപകടമുണ്ടായത്.

രണ്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയതും അമിതവേഗതയും അപകടത്തിന് കാരണമായെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ഓട്ടോയിലെ സാധാരണ സീറ്റിന് പുറമേ അധികമായി ഒരു തട്ട് സ്ഥാപിച്ചായിരുന്നു കുട്ടികളെ കൊണ്ടുപോയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പരിക്കേറ്റ കുട്ടികൾക്ക് പുറമെ കൂടുതൽ കുട്ടികൾ വാഹനത്തിലുണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

കാസർകോട് ഗവൺമെന്റ് യു.പി. സ്‌കൂൾ, മഡോണ എ.യു.പി. സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റ കുട്ടികളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ അമിതവേഗതയാണ് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അപകടം നടന്നതോടെ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചു.

You may also like