തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇഡി ആക്രമണക്കേസിലെ പ്രതികൾ വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗുരുതര ചട്ടലംഘനമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അന്തരിച്ച സിപിഎം നേതാവിന് ജയിലിനുള്ളിൽ റിമാൻഡ് തടവുകാർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
മുൻ കുന്നുകുഴി കൗൺസിലറും സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പരിപാടിയെന്നാണ് ജയിൽ വകുപ്പിന് ലഭിച്ച വിവരം.
സിപിഎം നേതാക്കൾക്ക് ജയിലിനുള്ളിൽ വഴിവിട്ട സഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അനുസ്മരണ പരിപാടി നടന്നതെന്നതും സംഭവത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ജയിൽ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന ഇഡി ആക്രമണക്കേസിലെ പ്രതികൾ പാർപ്പിച്ചിരിക്കുന്ന അഞ്ച്, ഏഴ് ബ്ലോക്കുകളിലുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ജയിൽ സൂപ്രണ്ടിന്റെ അന്വേഷണത്തിൽ വ്യക്തമായത്.
