Home Nationalമുഖ്യമന്ത്രിയുടെ പേരിന് പകരം കാമരാജ്; തമിഴ്നാട്ടിലെ പ്രഭാതഭക്ഷണ പദ്ധതിക്ക് പുതിയ പേര് നൽകി സർക്കാർ

മുഖ്യമന്ത്രിയുടെ പേരിന് പകരം കാമരാജ്; തമിഴ്നാട്ടിലെ പ്രഭാതഭക്ഷണ പദ്ധതിക്ക് പുതിയ പേര് നൽകി സർക്കാർ

by news_desk1
0 comments

ചെന്നൈ: തമിഴ്നാട്ടിലെ സ്കൂൾ വിദ്യാർഥികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെ പേര് മാറ്റി സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ പേരിലുണ്ടായിരുന്ന പദ്ധതി ഇനി ‘പെരുംതലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതി’ എന്ന പേരിൽ അറിയപ്പെടും.

1956-ൽ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായ കാമരാജായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനയെ അനുസ്മരിച്ചാണ് പ്രഭാതഭക്ഷണ പദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനിച്ചത്.

2022 സെപ്റ്റംബറിലാണ് അന്നത്തെ സർക്കാർ ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചത്. നിലവിൽ സെപ്റ്റംബർ 17 മുതൽ പദ്ധതി എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളിലേക്കും വ്യാപിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

നിലവിൽ 19,34,230 വിദ്യാർഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതി വിപുലീകരിക്കുന്നതോടെ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 15,14,274 വിദ്യാർഥികൾ കൂടി പദ്ധതിയുടെ ഭാഗമായി മാറും.

You may also like