Home Keralaശബരിമല സ്വർണക്കൊള്ള കേസ്: ‘കുടുക്കിയതാണ്, നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; അറസ്റ്റിന് പിന്നാലെ പി.എസ്. പ്രശാന്തിന്റെ പ്രതികരണം

ശബരിമല സ്വർണക്കൊള്ള കേസ്: ‘കുടുക്കിയതാണ്, നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; അറസ്റ്റിന് പിന്നാലെ പി.എസ്. പ്രശാന്തിന്റെ പ്രതികരണം

by news_desk1
0 comments

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തന്നെ മനഃപൂർവം കുടുക്കിയതാണെന്നും ആരോപിച്ചു. നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.

ദേവസ്വം ബോർഡ് അംഗമായിരുന്ന സി.പി.ഐ നേതാവ് അജികുമാറിനെയും പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റ് ചെയ്തിട്ടുണ്ട്. 2025-ൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ശബരിമല ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിൽ ഇരുവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അറസ്റ്റിന് മണിക്കൂറുകൾ മുമ്പ് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലും പി.എസ്. പ്രശാന്ത് കേസ് രാഷ്ട്രീയ സമ്മർദത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചിരുന്നു. 2019-ലെ ശബരിമല സ്വർണ്ണമോഷണ കേസ് പുറത്തുകൊണ്ടുവരാൻ നിർണായക പങ്കുവഹിക്കുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ദേവസ്വം ബോർഡിനെ തന്നെ പ്രതിയാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും, എന്നാൽ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങൾ തുറന്നുകാട്ടുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഇടത് സർക്കാർ നിയമിച്ച മൂന്നാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലാകുന്നത്. ഇന്ന് രാവിലെ കരകുളത്തെ വസതിയിലെത്തിയാണ് എസ്ഐടി പി.എസ്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊല്ലം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി.

2019-ലെ ശബരിമല സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് പി.എസ്. പ്രശാന്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത്, 2025-ൽ ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവാണെന്നാണ് പി.എസ്. പ്രശാന്തിന്റെ വിശദീകരണം.

അനുമതിയില്ലാതെ പാളികൾ പുറത്തേക്ക് കൊണ്ടുപോയത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 2019-ൽ സ്വർണം പൂശിയ പാളികളുടെ തിളക്കം വളരെ വേഗത്തിൽ നഷ്ടമായതായി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് അന്വേഷണം നടത്താതെ, അതേ സ്ഥാപനത്തിന് വീണ്ടും പാളികൾ കൈമാറിയതിലാണ് എസ്ഐടി ദുരൂഹത കണ്ടെത്തിയത്. പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാതെ, 2019-ലെ പാളി കടത്തൽ കേസിനൊപ്പമായിരിക്കും പി.എസ്. പ്രശാന്തിന്റെ കാലത്തെ ക്രമക്കേടുകളും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കുകയെന്ന് അന്വേഷണസംഘം അറിയിച്ചു.

You may also like