Home Top Storiesഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാർച്ച്

ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാർച്ച്

by news_desk1
0 comments

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം. ഇൻഡ്യാ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചു. പ്രിയങ്ക ഗാന്ധി, മിർസ ഭാരതി, സുപ്രിയ സുലെ, കുമാരി ഷെൽജ, രേണുക ചൗധരി എന്നിവരടക്കമുള്ള വനിതാ എംപിമാർ പ്ലക്കാർഡുകളുമായി മാർച്ചിന്റെ മുൻനിരയിൽ അണിനിരന്നു.

രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിത പ്രതിഷേധം ആരംഭിച്ചത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. ഇൻഡ്യാ സഖ്യത്തിലെ വിവിധ പാർട്ടികളുടെ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു.

പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചു. ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവർത്തകരെ തടയാൻ പൊലീസ് ശ്രമിച്ചു. തീസ് ജനുവരി റോഡിന് സമീപം സംഘർഷാവസ്ഥ രൂപപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബസ് കുറുകെയിട്ട് മാർച്ച് തടയാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ മുന്നോട്ട് നീങ്ങുകയും ചെയ്തു.

അതേസമയം, ജന്തർ മന്തറിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റർ പരിധിയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രി 12 മണിവരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

പ്രതിഷേധത്തിന് മുന്നോടിയായി എല്ലാ പ്രതിപക്ഷ എംപിമാരെയും രാഹുൽ ഗാന്ധി തന്റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. യോഗം അവസാനിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

You may also like