തൃശൂർ: ചൂണ്ടലിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ട്യൂഷൻ സെന്ററിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ. ചൂണ്ടൽ സ്വദേശിയായ 52-കാരൻ നൗഷാദിനെയാണ് വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടലിലുള്ള തന്റെ സ്വന്തം വീട്ടിൽ വെച്ച് നടത്തിയിരുന്ന ട്യൂഷൻ സെന്ററിൽ വെച്ചാണ് ഇയാൾ കുട്ടികൾക്ക് നേരെ അതിക്രമം നടത്തിയത്.
മൂന്ന് പെൺകുട്ടികളാണ് അധ്യാപകന്റെ ക്രൂരതയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥിനികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് രക്ഷിതാക്കൾ സ്നേഹത്തോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്. ട്യൂഷൻ ക്ലാസുകൾ എടുക്കുന്നതിനിടെ പ്രതി ശരീരഭാഗങ്ങളിൽ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് കുട്ടികൾ രക്ഷിതാക്കളോട് വെളിപ്പെടുത്തി. തുടർന്ന് രക്ഷിതാക്കൾ കുട്ടികളുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ട്യൂഷൻ സെന്ററിലെത്തിയിരുന്ന മറ്റ് കുട്ടികൾക്ക് നേരെയും ഇയാൾ സമാനമായ രീതിയിൽ അതിക്രമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കുന്നംകുളം പോലീസ് അറിയിച്ചു.
