ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം അവസാനിക്കില്ലെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). തങ്ങളുടെ നാല് പ്രധാന ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് നടപ്പായതെന്നും ബാക്കിയുള്ള മൂന്ന് ആവശ്യങ്ങൾ നേടിയെടുക്കുംവരെ പോരാട്ടം തുടരുമെന്നും സിജെപി വ്യക്തമാക്കി.
സിജെപി മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാമത്തേത് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നതാണ്. പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾക്കെതിരെയും നടപടിയെടുക്കരുതെന്നും റാപ്പിഡ് ആക്ഷൻ ഫോഴ്സും ഡൽഹി പൊലീസും പരസ്യമായി മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി പ്രതിഷേധം തുടരുമെന്നും സിജെപി അറിയിച്ചു.
സിജെപിയുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് നൽകിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു മന്ത്രിയുടെ രാജി.
ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ ആദ്യം. എന്നാൽ പ്രധാൻ രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്.
രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യവ്യാപകമായി മെഴുകുതിരി മാർച്ചും പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി പ്രഖ്യാപനം ഉണ്ടായത്.
ധർമേന്ദ്ര പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലിലായിരുന്നു കേന്ദ്ര സർക്കാർ ആദ്യം. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഒടുവിൽ രാജി അംഗീകരിക്കുകയായിരുന്നു.
