Home Keralaപാൽക്കുളങ്ങരയിൽ പട്ടാപ്പകൽ കൊലപാതകം; വ്യക്തിവൈരാഗ്യത്തിനൊടുവിൽ യുവാവ് വെട്ടേറ്റ് മരിച്ചു

പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ കൊലപാതകം; വ്യക്തിവൈരാഗ്യത്തിനൊടുവിൽ യുവാവ് വെട്ടേറ്റ് മരിച്ചു

by news_desk1
0 comments

തിരുവനന്തപുരം: വഞ്ചിയൂർ പാൽക്കുളങ്ങരയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിശാഖ് ആണ് മരിച്ചത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പ്രദീപിനെ ആക്രമിച്ച കേസിൽ മുൻപ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷവും ഇരുവരും തമ്മിലുള്ള തർക്കം തുടർന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിന് രണ്ട് ദിവസം മുൻപും ഇവർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് പാൽക്കുളങ്ങരയിൽ പ്രദീപ് വിശാഖിനെ ആക്രമിച്ചത്. ഗുരുതരമായി വെട്ടേറ്റ വിശാഖിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട വിശാഖിനും ആക്രമണം നടത്തിയ പ്രദീപിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി വഞ്ചിയൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആക്രമണസമയത്ത് പ്രദീപിനൊപ്പം മൂന്ന് പേർ കൂടി ഉണ്ടായിരുന്നുവെന്നും ഇവരുടെ പങ്കും അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

You may also like