Home Top Storiesഎസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം; എകെജി ഭവനിലെത്തി ഡൽഹി പൊലീസ്; ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടലിനെ തുടർന്ന് മടങ്ങി

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം; എകെജി ഭവനിലെത്തി ഡൽഹി പൊലീസ്; ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടലിനെ തുടർന്ന് മടങ്ങി

by news_desk
0 comments

ന്യൂഡൽഹി: മുൻ ജെഎൻയുഎസ്യു പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കം നാടകീയ രംഗങ്ങൾക്ക് ശേഷം പരാജയപ്പെട്ടു. ഐഷിയെ കസ്റ്റഡിയിലെടുക്കാനായി ഡൽഹി പൊലീസ് സംഘം സിപിഐഎം കേന്ദ്ര കാര്യാലയമായ എകെജി ഭവനിലെത്തുകയായിരുന്നു. 2021-ൽ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം എത്തിയത്. എന്നാൽ നടപടിക്കെതിരെ ജോൺ ബ്രിട്ടാസ് എംപി ശക്തമായി രംഗത്തുവന്നതോടെ പൊലീസ് സംഘം പിന്മാറാൻ നിർബന്ധിതരായി.

ഇന്ന് വൈകിട്ടോടെയായിരുന്നു ഡൽഹിയിൽ ഏറെ ചർച്ചയായ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഐഷി ഘോഷ് എകെജി ഭവനിലെത്തിയതിന് തൊട്ടുപിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥർ അവിടെയെത്തിയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ള നേതാക്കൾ പൊലീസിനെ തടയുകയും ഏത് കേസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

പൊലീസിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്ത ജോൺ ബ്രിട്ടാസ്, നടപടിയെടുത്ത ഉദ്യോഗസ്ഥരിൽ ഒരാൾ യൂണിഫോം ധരിച്ചിരുന്നില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചു. യൂണിഫോം എവിടെയെന്നും കൃത്യമായ വേഷവിധാനത്തോടെ വരാനും എംപി ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ പോയി മടങ്ങിവരുന്നതിനിടയിൽ മഴ നനഞ്ഞതുകൊണ്ടാണ് യൂണിഫോം ഒഴിവാക്കിയതെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. എന്നാൽ, യൂണിഫോം ധരിച്ച് മാത്രം വരാൻ എംപി ആവശ്യപ്പെട്ടതോടെ പൊലീസ് സംഘം മടങ്ങിപ്പോകാൻ തീരുമാനിക്കുകയായിരുന്നു. കുറേ വർഷങ്ങളായി ഈ കേസ് കോടതിയിൽ നിലവിലുള്ളതാണെന്നും എംപി ചൂണ്ടിക്കാട്ടി.

സംഭവത്തിന് പിന്നാലെ സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി സ്ഥലത്തെത്തി പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് പൊലീസിന് എന്ത് തോന്ന്യാസവും കാണിക്കാമെന്ന അവസ്ഥയാണെന്നും ഇത് തികഞ്ഞ തെമ്മാടിത്തരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് രാജിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി. രാജ്യത്തെ കള്ളം പറഞ്ഞ് പറ്റിക്കാമെന്ന് മോദി സർക്കാർ കരുതേണ്ടെന്നും, പാർട്ടി ഓഫീസിൽ നിന്ന് ഐഷി ഘോഷിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

You may also like