ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. വിവിധ ആക്രമണങ്ങളിലും മറ്റ് അനിഷ്ട സംഭവങ്ങളിലുമായി 75 ഇന്ത്യക്കാർക്ക് പരിക്കേറ്റതായും വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനും ഇന്ത്യൻ എംബസികൾ വഴി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായും കേന്ദ്ര സർക്കാർ അറിയിച്ചു.
വിവിധ രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ കണക്കും സർക്കാർ പുറത്തുവിട്ടു. ഒമാനിൽ എട്ട് പേരും യു.എ.ഇയിൽ നാല് പേരും കൊല്ലപ്പെട്ടു. കുവൈറ്റിൽ രണ്ട് പേരും ഇറാനിലും സൗദി അറേബ്യയിലും ഓരോരുത്തർ വീതവും മരണപ്പെട്ടതായി കേന്ദ്രം അറിയിച്ചു.
പരിക്കേറ്റ 75 ഇന്ത്യക്കാരിൽ ഭൂരിഭാഗവും യു.എ.ഇ (32), ഒമാൻ (24), കുവൈറ്റ് (13) എന്നീ രാജ്യങ്ങളിലാണ്. ഖത്തർ, സൗദി അറേബ്യ, ഇസ്രായേൽ എന്നിവിടങ്ങളിലും ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ടതായും കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.
മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ എംബസികൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും കർശന നിർദ്ദേശം നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ കുടുങ്ങിക്കിടന്ന 2,500-ലധികം ഇന്ത്യക്കാരെ അയൽരാജ്യങ്ങൾ വഴി സുരക്ഷിതമായി നാട്ടിലെത്തിച്ചതായും, ബാധിതർക്കാവശ്യമായ സാമ്പത്തികവും നിയമപരവുമായ എല്ലാ സഹായങ്ങളും തുടരുന്നതായും സർക്കാർ വ്യക്തമാക്കി.

