കണ്ണൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയം തുറന്ന് പ്രവർത്തിച്ചു. കുട്ടികൾ രാവിലെ തന്നെ സ്കൂളിലെത്തിയതിനാലാണ് ഉച്ചവരെ ക്ലാസുകൾ തുടരാൻ തീരുമാനിച്ചതെന്നാണ് വിദ്യാലയ അധികൃതരുടെ വിശദീകരണം.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് രാവിലെയാണ് ജില്ലാ കളക്ടർ അടിയന്തരമായി അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. റസിഡൻഷ്യൽ സ്കൂളുകൾക്ക് മാത്രമാണ് അവധി ബാധകമല്ലെന്ന് അറിയിച്ചിരുന്നത്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചിരുന്നു.
അതേസമയം, കണ്ണൂർ ഉളിക്കൽ വയത്തൂർ പാലത്തിന് മുകളിൽ വെള്ളം കയറിയിട്ടുണ്ട്. മലയോര മേഖലയിലും കർണാടക വനമേഖലയിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

