പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അധികൃതരുമായി പൂർണമായി സഹകരിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറാൻ തയ്യാറാകണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർഥിച്ചു. ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീടുകളുടെ ടെറസ് സുരക്ഷിതമാണെന്ന് കരുതരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ക്യാമ്പുകളിലേക്ക് ഉടൻ മാറണമെന്നും അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. മൂഴിയാർ ഡാം ഏത് സമയത്തും തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നിറപുത്തരി ചടങ്ങിനായി ശബരിമല നട തുറന്നിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ശബരിമലയിലേക്ക് യാത്ര ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചിട്ടുണ്ടെന്നും എല്ലാവരും ആ നിർദേശം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പത്തനംതിട്ടയിൽ പ്രളയഭീഷണി രൂക്ഷമായി തുടരുകയാണ്. റാന്നിയും ആറൻമുളയും വീണ്ടും കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. മൂഴിയാർ ഡാം ഏത് സമയത്തും തുറക്കാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി കൊല്ലത്ത് നിന്ന് കൂടുതൽ മത്സ്യബന്ധന ബോട്ടുകളും പത്തനംതിട്ടയിലേക്ക് അയച്ചിട്ടുണ്ട്.
സാഹചര്യം കണക്കിലെടുത്ത് ഇന്ന് ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. അപ്പർ കുട്ടനാട് വെള്ളത്തിനടിയിലായതോടെ കുറ്റൂർ, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി വെള്ളം കയറി. നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്.
ഇന്നലെ രാത്രി മുഴുവൻ പെയ്ത കനത്ത മഴയെ തുടർന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോഴഞ്ചേരി ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന മുന്നറിയിപ്പ് അനൗൺസ്മെന്റുകളും അധികൃതർ തുടരുകയാണ്.

