Home National‘അവസാനത്തിന്റെ ആരംഭം’; ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിലെ ബിജെപി തിരിച്ചടിക്ക് പിന്നാലെ ഡെറക് ഒബ്രിയാന്റെ വിമർശനം

‘അവസാനത്തിന്റെ ആരംഭം’; ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിലെ ബിജെപി തിരിച്ചടിക്ക് പിന്നാലെ ഡെറക് ഒബ്രിയാന്റെ വിമർശനം

by news_desk1
0 comments

കൊൽക്കത്ത: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടിക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ ഡെറക് ഒബ്രിയാൻ. ബങ്കിപ്പൂരിലെ ഫലം ബിജെപിയുടെ “അവസാനത്തിന്റെ ആരംഭം” ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ബങ്കിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർഥി പ്രശാന്ത് കിഷോർ വിജയത്തിലേക്ക് മുന്നേറിയതിന് പിന്നാലെയായിരുന്നു ഡെറക് ഒബ്രിയാന്റെ പ്രതികരണം.

എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു: “സീൻ 1: ബിഹാറിൽ നിന്നുള്ള അറിയപ്പെടാത്ത ഒരു എംഎൽഎയെ മോദിയും ഷായും ചേർന്ന് സ്വന്തം താൽപര്യങ്ങൾ നടപ്പാക്കാനുള്ള റബ്ബർ സ്റ്റാമ്പ് ദേശീയ പ്രസിഡന്റാക്കി. സീൻ 2: ബിജെപി 52,000 വോട്ടിന് ജയിച്ചിരുന്ന ബങ്കിപ്പൂർ സീറ്റിൽ ഒഴിവ് വന്നു. സീൻ 3: ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും പിന്നീട് മാറ്റുകയും ചെയ്തു. സീൻ 4: ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി.”

അതേസമയം, നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് സ്വന്തം തട്ടകത്തിൽ തിരിച്ചടി നേരിടേണ്ടിവന്നത്. ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി നീരജ് കുമാർ സിൻഹയെ 15,000-ത്തിലധികം വോട്ടുകൾക്ക് പിന്നിലാക്കിയാണ് ജൻ സുരാജ് പാർട്ടി സ്ഥാനാർഥി പ്രശാന്ത് കിഷോർ മുന്നേറ്റം നടത്തിയത്.

You may also like