ദില്ലി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയ 15-കാരിക്കും കുടുംബത്തിനും നേരെയുള്ള ഭീഷണികൾ തുടരുന്നതായി കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞിട്ടും ആക്രമണങ്ങൾക്കും ഭീഷണികൾക്കും അവസാനമില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
സുരക്ഷ മുൻനിർത്തി ഇതിനോടകം മൂന്ന് വീടുകൾ മാറിത്താമസിക്കേണ്ടി വന്നതായും, തുടർച്ചയായ ഭീഷണികൾ കാരണം കുട്ടിയുടെ വിദ്യാഭ്യാസം പോലും തടസ്സപ്പെട്ടിരിക്കുകയാണെന്നും അമ്മ വ്യക്തമാക്കി.
സംഭവത്തിൽ കുട്ടിയോട് ക്ഷമിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടി. എന്നാൽ, പോലീസിൽ നിന്ന് തങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായും, പെൺകുട്ടിയുടെ മേൽവിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും കുടുംബം ആരോപിച്ചു.
15 വയസ്സ് മാത്രമുള്ള കുട്ടിയെ ലക്ഷ്യമിട്ട്, 25 വയസ്സുള്ള ബ്യൂട്ടി പാർലർ ജീവനക്കാരിയാണെന്ന തരത്തിൽ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. ഇത്തരം തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കാനും സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

