Home Top Storiesമഴയ്ക്ക് ശമനമില്ല; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴയ്ക്ക് ശമനമില്ല; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുകയും വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ടയിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴയിൽ അതിശക്തമായ മഴ, വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട്, മഴ മുന്നറിയിപ്പ്, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

കോട്ടയം ജില്ലയിലും ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

വയനാട് ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ പ്രൊഫഷണൽ കോളേജുകൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

കാസർകോട് ജില്ലയിലും ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

You may also like