സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രാസപദാർഥങ്ങൾ ഉപയോഗിച്ച് വ്യാജ നാടൻ നെയ്യ് നിർമ്മിച്ച കേസിൽ ഡയറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ഡയറി യൂണിറ്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ശരീരത്തിന് ഹാനികരമായ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ നെയ്യ് പിടിച്ചെടുത്തത്.
പാമോയിൽ, വനസ്പതി, കൃത്രിമ രാസവസ്തുക്കൾ, കൃത്രിമ നിറങ്ങൾ എന്നിവ ചേർത്താണ് യഥാർഥ നെയ്യുടെ മണവും രുചിയും അനുകരിച്ച് വ്യാജ ഉൽപ്പന്നം തയ്യാറാക്കിയിരുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിച്ചെടുത്ത നെയ്യിന്റെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ഫുഡ് ആൻഡ് ഡ്രഗ്സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. മനുഷ്യശരീരത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള രാസപദാർഥങ്ങളാണ് ഇതിൽ ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
കൂടുതൽ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പ്രതികൾ ഇത്തരം അനധികൃത നിർമ്മാണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഡയറി ഉടമയ്ക്കൊപ്പം ഈ ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള തിരച്ചിലും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
ഉത്സവ സീസൺ മുന്നിൽ കണ്ടാണ് വൻതോതിൽ വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും അറിയിച്ചു.
