ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരെന്ന് കരുതുന്ന 105 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തു. വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക്സ് സിറ്റി മേഖലകളിൽ ‘ഓപ്പറേഷൻ മുക്ത’ എന്ന പേരിലാണ് പ്രത്യേക പരിശോധന നടത്തിയത്.
വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെയായി 91 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഏകദേശം 3,000 പേരുടെ തിരിച്ചറിയൽ രേഖകളും മറ്റ് വിവരങ്ങളും പരിശോധിച്ചതിൽ നിന്നാണ് 105 പേരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ പലരുടെയും കൈവശം ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിരുന്നതായി ഇലക്ട്രോണിക്സ് സിറ്റി ഡിസിപി എം. നാരായണ പറഞ്ഞു. ഇവർക്ക് ആധാർ കാർഡ് ലഭിച്ചതെങ്ങനെയെന്നും രേഖകൾ സംഘടിപ്പിച്ച് നൽകിയതാരാണെന്നും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
600ലേറെ പൊലീസുകാർ 60 സംഘങ്ങളായി തിരിഞ്ഞാണ് മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. പിടിയിലായ 105 പേരിൽ 62 പേരെ വൈറ്റ്ഫീൽഡിൽ നിന്നും 43 പേരെ ഇലക്ട്രോണിക്സ് സിറ്റിയിൽ നിന്നുമാണ് കണ്ടെത്തിയത്.
മാസം 2,000 മുതൽ 3,000 രൂപ വരെ വാടകയുള്ള ഷെഡുകളിലാണ് ഇവരിൽ പലരും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു ഷെഡിൽ അഞ്ച് മുതൽ ആറ് പേർ വരെ താമസിച്ചിരുന്നതായും കണ്ടെത്തി. ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
പിടിയിലായവരിൽ ഭൂരിഭാഗം പേരും മാലിന്യശേഖരണം ഉൾപ്പെടെയുള്ള ജോലികളാണ് ചെയ്തിരുന്നത്. ഫുഡ് ഡെലിവറി ഏജന്റുമാരായി ജോലി ചെയ്തിരുന്നവരും പിടിയിലായിട്ടുണ്ട്. ഇത്തരം പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് മാസം മുൻപ് ബെംഗളൂരുവിൽ നിന്ന് ഏകദേശം 300 ബംഗ്ലാദേശി പൗരന്മാരെ പിടികൂടി നാടുകടത്തിയിരുന്നു.
