ചെന്നൈ: ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് പരിക്ക്. ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ലൈഓവറിന് സമീപമാണ് അപകടമുണ്ടായത്. അമീനും സുഹൃത്തും സഞ്ചരിച്ച പോർഷെ കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറുകയായിരുന്നു.
കോയമ്പേട്ടിൽ നിന്ന് ചെന്നൈയിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്നവർ അമീനെയും സുഹൃത്തിനെയും സമീപത്തെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമീന്റെ പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമീനും സുഹൃത്തും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
പോർഷെ കാറിലേക്ക് വാഗൺ ആർ കാറാണ് ഇടിച്ചുകയറിയത്. വാഗൺ ആർ കാറിലുണ്ടായിരുന്നയാൾക്കും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ കലൈഞ്ജർ സെന്റിനറി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെയും ഡിസ്ചാർജ് ചെയ്തു.
അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2015ൽ മണിരത്നം സംവിധാനം ചെയ്ത ‘ഓ കാതൽ കൺമണി’ എന്ന ചിത്രത്തിലെ ‘മൗലാ സല്ലി വസല്ലിം’ എന്ന ഗാനം ആലപിച്ചാണ് എ.ആർ. അമീൻ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അടുത്തിടെ രാം ചരൺ നായകനായെത്തിയ ‘പെഡ്ഡി’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലെ ‘ചികിരി ചികിരി’ എന്ന ഗാനവും അമീൻ ആലപിച്ചിരുന്നു.
