കൊച്ചി: കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒമാരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലിൽ പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കിയ ശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന അർജുൻ ആയങ്കിയെ ഇന്ന് രാവിലെ തലശ്ശേരി സി.ജെ.എം കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി വീണ്ടും റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് കുട്ടമ്പുഴ പൊലീസ് ജയിലിലെത്തി അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, അർജുൻ ആയങ്കി ഒളിവിൽ കഴിയുന്നതിനിടെ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന കാർ പൊലീസ് തളിപ്പറമ്പിൽ നിന്ന് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയത്. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ അർജുൻ ആയങ്കി സഞ്ചരിച്ചത് ഈ കാറിലായിരുന്നു.
അർജുൻ ആയങ്കിയുടെ ബന്ധുവായ കുട്ടന്റെ കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
