Home Top Storiesവഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയിൽ നിർണായക നിലപാടുമാറ്റവുമായി സംസ്ഥാന സർക്കാർ

വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയിൽ നിർണായക നിലപാടുമാറ്റവുമായി സംസ്ഥാന സർക്കാർ

by news_desk3
0 comments

കൊച്ചി: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. വഖഫ് നിയമപ്രകാരം അമുസ്ലിങ്ങളെ നിയമിക്കുമെന്ന മുൻ നിലപാടാണ് സർക്കാർ മാറ്റിയത്. വിഷയത്തിലെ നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തുകയുള്ളൂ എന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.

വഖഫ് നിയമത്തിലെ പതിനാലാം വകുപ്പ് അനുസരിച്ച് അമുസ്ലിം അംഗങ്ങളെ നിയമിക്കുമെന്നായിരുന്നു സർക്കാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ സംസ്ഥാന വഖഫ് ബോർഡിൽ സങ്കീർണ്ണതകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലെ സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ ഇതിൽ അന്തിമ തീരുമാനമെടുക്കൂ എന്നും സർക്കാർ തിരുത്തി.

അതേസമയം, ബോർഡിൽ ബാർ കൗൺസിൽ പ്രതിനിധിയെയും ഷിയ അംഗത്തെയും ഉൾപ്പെടുത്താനുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന്, നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം നികത്തിക്കൂടേ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദിച്ചു. ബോർഡിലെ ഒഴിവുകൾ നികത്തുന്നതിലും പുനഃസംഘടനയിലും നിയമാനുസൃതമായ തീരുമാനമെടുക്കാനും, വഖഫ് ബോർഡിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും കോടതി നിർദ്ദേശിച്ചു. ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് ആറാഴ്ചയ്ക്കകം തീരുമാനം അറിയിക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി, ഹർജികൾ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.

You may also like