കൊച്ചി: എംവിഡി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് അനധികൃത ലൈറ്റുകൾ സ്ഥാപിച്ചെന്ന പേരിൽ പിഴ ചുമത്തിയ ഉദ്യോഗസ്ഥരെയാണ് ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തത്. പിന്നീട് ഇവരുടെ സസ്പെൻഷൻ പിൻവലിച്ചിരുന്നു.
അനധികൃത ലൈറ്റുകൾ ഉൾപ്പെടെയുള്ള വാഹന മോഡിഫിക്കേഷനുകൾക്ക് പിഴ ഈടാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിന്റെ കാരണം വിശദീകരിക്കണമെന്നാണ് കോടതി നിർദേശം. സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കോടതി നടപടി. കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കും.
അനധികൃത ലൈറ്റുകൾ ഉൾപ്പെടെയുള്ള വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു, ഷമീർ എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചത്. സസ്പെൻഷൻ ഒഴിവാക്കി നടപടി സ്ഥലമാറ്റത്തിൽ ഒതുക്കുകയായിരുന്നു. ഇരുവരെയും കഴക്കൂട്ടം, മാവേലിക്കര ആർടിഒ ഓഫീസുകളിലേക്കാണ് മാറ്റിയത്. വകുപ്പുതല അന്വേഷണം തുടരുന്നുണ്ട്.
ഓഗസ്റ്റ് അഞ്ചിന് അടൂരിൽവച്ചാണ് പത്തനംതിട്ട മെഴുവേലി സ്വദേശിയുടെ ഓഫ് റോഡ് വാഹനത്തിന് എംവിഡി ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്. വാഹനത്തിൽ അനധികൃത ലൈറ്റുകൾ സ്ഥാപിച്ചുവെന്നായിരുന്നു കാരണം. എന്നാൽ ആറന്മുളയിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് പോയതിനിടെ വാഹനത്തിന് കേടുപാട് സംഭവിച്ചതായി ഉടമ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ പിഴ ചുമത്തിയെന്നാണ് പരാതി.
ആറന്മുള എംഎൽഎ ഉൾപ്പെടെയുള്ളവർ ശക്തമായി ഇടപെട്ടതിനെ തുടർന്നാണ് അനൗചിത്യ നടപടിയെന്ന കാരണം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഗതാഗത വകുപ്പ് തീരുമാനം മാറ്റുകയായിരുന്നു.
കൊല്ലം ആർടിഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ടിപ്പർ അപകടവുമായി ബന്ധപ്പെട്ട് സുദിൻ ഗോപി, ശരത് എസ്. കുമാർ എന്നീ ഉദ്യോഗസ്ഥരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഈ നടപടിയും പിന്നീട് സ്ഥലമാറ്റമായി ചുരുക്കി.
