ന്യൂഡൽഹി: ടി.പി. വധക്കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേസിൽ ഹാജരായിരുന്ന സി.പി.എം സഹയാത്രികനെന്ന് അറിയപ്പെടുന്ന സീനിയർ അഭിഭാഷകൻ പി.വി. ദിനേശിനെയാണ് മാറ്റുന്നത്.
മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെയും പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയെയും പുതിയ അഭിഭാഷകരായി പരിഗണിക്കുന്നുണ്ട്. ഇവരിൽ ഒരാളെ കേസിൽ സംസ്ഥാന സർക്കാരിനായി ഹാജരാക്കാനാണ് തീരുമാനം.
അതേസമയം, ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പെടെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മൂന്ന് ആഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
13 വർഷത്തിലധികമായി ജയിലിൽ കഴിയുകയാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതികൾ ഹർജി നൽകിയത്. ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
എന്നാൽ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കെ.കെ. രമ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മൂന്ന് ആഴ്ചത്തേക്ക് മാറ്റിയത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി കെ.കെ. രമയോട് നിർദേശിച്ചു.
കേസിൽ സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലി പി.എസ്. ഹാജരായി.
