Home Kerala‘സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാൻ പറ്റുമോ?’; പാലക്കാട് മെഡിക്കൽ കോളേജിൽ സമരം ചെയ്ത ഹൗസ് സർജന്മാരോട് വി.കെ. ശ്രീകണ്ഠൻ എം.പി തട്ടി കയറിയതായി പരാതി

‘സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാൻ പറ്റുമോ?’; പാലക്കാട് മെഡിക്കൽ കോളേജിൽ സമരം ചെയ്ത ഹൗസ് സർജന്മാരോട് വി.കെ. ശ്രീകണ്ഠൻ എം.പി തട്ടി കയറിയതായി പരാതി

by news_desk
0 comments

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ഹൗസ് സർജന്മാരോട് വി.കെ. ശ്രീകണ്ഠൻ എം.പി അധിക്ഷേപകരമായി സംസാരിച്ചതായി പരാതി. സമരത്തിന്റെ രണ്ടാം ദിവസം അനുനയ ചർച്ചകൾക്കായി എത്തിയ എം.പി വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും സമരത്തെ പുച്ഛിച്ചു തള്ളുകയും ചെയ്തെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ എം.പിയോട് അത്യാഹിത വിഭാഗത്തിൽ എക്സ്-റേ മെഷീൻ അടക്കം പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയതാണ് തർക്കത്തിന് തുടക്കമിട്ടത്. പ്രശ്നങ്ങൾ മുൻകൂട്ടി അറിഞ്ഞില്ലേ എന്ന് ഹൗസ് സർജന്മാർ ചോദിച്ചതോടെ എം.പി ക്ഷുഭിതനാവുകയായിരുന്നു. എക്സ്-റേ മെഷീൻ പ്രവർത്തിക്കാത്തത് താൻ എങ്ങനെ അറിയുമെന്നും, നിങ്ങളുടെ കൈയിലുള്ള സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ എന്ന് തനിക്ക് പരിശോധിക്കാൻ സാധിക്കുമോ എന്നും എം.പി ചോദിച്ചതായി ഡോക്ടർമാർ പറയുന്നു.

വിദ്യാർത്ഥികൾ ‘ഷോ ഇറക്കേണ്ടതില്ലെന്നും’ സമരം ചെയ്യുന്നതിന് പിന്നിൽ വേറെ ഉദ്ദേശ്യങ്ങളുണ്ടെന്നും ആരോപിച്ച എം.പി, സംഭവം മൊബൈലിൽ പകർത്തിയ ഡോക്ടറോട് ഫോൺ ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു. തുടർന്ന് മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളെ നോക്കി “ഇവന്മാരൊക്കെയാണോ ഡോക്ടർ ആകാൻ പോകുന്നത്” എന്ന് അധിക്ഷേപിച്ചതായും ഹൗസ് സർജന്മാർ വെളിപ്പെടുത്തി.

അത്യാഹിത വിഭാഗത്തിൽ എക്സ്-റേ, സി.ടി സ്കാൻ, ആവശ്യമായ മരുന്നുകൾ എന്നിവ ലഭ്യമല്ലാത്തതിനെ തുടർന്നാണ് ജൂനിയർ ഡോക്ടർമാർ സമരം ആരംഭിച്ചത്. ക്യാമ്പസിൽ അപകടത്തിൽ പരിക്കേറ്റവരെ പരിശോധനകൾക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്ന സാഹചര്യത്തിലാണ് ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം തുടങ്ങിയത്.

അതേസമയം, താത്കാലികമായി ലാബ്, ഫാർമസി, എക്സ്-റേ സൗകര്യങ്ങൾ സജ്ജമാക്കാമെന്ന് എം.പി ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി ഉറപ്പാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഹൗസ് സർജന്മാർ. എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളും ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

You may also like